CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 11 Seconds Ago
Breaking Now

കവര്‍ പേജില്‍ മുലയൂട്ടല്‍ ഫോട്ടോ; ജിലു ജോസഫിനും, ഗൃഹലക്ഷ്മിക്കും എതിരെ കേസുമായി അഭിഭാഷകന്‍; നെഗറ്റീവ് പബ്ലിസിറ്റിയെന്ന പരസ്യതന്ത്രം വിജയിക്കുമ്പോള്‍

ധൈര്യപൂര്‍വ്വമായ ഒരു നടപടിയാണ് മാഗസിന്‍ നടത്തിയതെന്ന് ചിലര്‍ പ്രശംസിക്കുമ്പോള്‍ ചിലര്‍ക്ക് ഇതത്ര രുചിച്ചില്ല.

പൊതുസ്ഥലത്ത് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് നേരെ ആണുങ്ങള്‍ തുറിച്ച് നോക്കുന്നത് നിര്‍ത്തിയാലും ഇല്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട കവര്‍ പേജുമായി മാഗസിന്‍ ഇറക്കിയ പ്രസാധകരുടെ ബുദ്ധി സമ്മതികകണം. നെഗറ്റീവ് പബ്ലിസിറ്റിയുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഒരു മോഡലിനെ ഉപയോഗിച്ച് മുലയൂട്ടുമ്പോള്‍ തുറിച്ച് നോക്കരുതെന്ന പ്രചരണ പരിപാടിക്ക് ഗൃഹലക്ഷ്മി തുടക്കം കുറിച്ചത്.

മാഗസിന്റെ കവര്‍പേജ് വൈറലായതോടെ വിവാദങ്ങളും ആരംഭിച്ചു. മുലയൂട്ടുന്ന സ്ത്രീയെ കവര്‍പേജില്‍ എത്തിച്ച പ്രസാധകരുടെ രീതി മാന്യതയ്ക്ക് നിരയ്ക്കാത്തതാണെന്ന് ആരോപിച്ച് മോഡല്‍ ജിലു ജോസഫിനും, ഗൃഹലക്ഷ്മിക്കും എതിരെ കേസിന് പോയിരിക്കുകയാണ് ഒരു അഭിഭാഷകന്‍. അഡ്വ. വിനോദ് മാത്യുവാണ് കൊല്ലം കോടതിയില്‍ കേസ് ഫയല്‍ചെയ്തത്. പ്രസാധകനും, മോഡലിനും എതിരെ 1986ലെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ആക്ടിലെ 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മാഗസിന്റെ കവര്‍ പേജ് സോഷ്യല്‍ മീഡിയയില്‍ വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ കേസ് നല്‍കിയത്. മാര്‍ച്ച് 1ന് ഇറങ്ങിയ പതിപ്പിലാണ് ജിലു ജോസഫ് ഒരു കുഞ്ഞിന് മുല നല്‍കുന്ന ചിത്രം കവര്‍ പേജില്‍ ഇടംപിടിച്ചത്. 'കേരളത്തോട് അമ്മമാര്‍: തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്നാണ് തലക്കെട്ട്.

കവര്‍ പേജിന് കൈയടിയും, കരണത്തടിയുമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. ധൈര്യപൂര്‍വ്വമായ ഒരു നടപടിയാണ് മാഗസിന്‍ നടത്തിയതെന്ന് ചിലര്‍ പ്രശംസിക്കുമ്പോള്‍ ചിലര്‍ക്ക് ഇതത്ര രുചിച്ചില്ല. ക്യാംപെയിന്‍ ഒരു ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ഇതിന്റെ ഭാഗമായതെന്ന് ദുബായില്‍ നിന്നും മോഡലായി പ്രവര്‍ത്തിക്കുന്ന ജിലു ജോസഫ് വ്യക്തമാക്കി.

'പൊതുസ്ഥലത്ത് മുലയൂട്ടുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. ഇതൊരു പൊതു പ്രശ്‌നമാണ്. പൊതുസ്ഥലത്ത് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വമായ അന്തരീക്ഷം നല്‍കാന്‍ സമൂഹം തയ്യാറല്ല. കുഞ്ഞിന് പാല്‍ നല്‍കുന്നത് അമ്മമാരുടെ അവകാശമാണ്. ഇതില്‍ ഭയമോ, നാണമോ ആവശ്യമില്ല', ജിലു പറയുന്നു.

വില്‍പ്പനയില്‍ മനോരമയുടെ വനിതയ്ക്ക് പിന്നിലുള്ള ഗൃഹലക്ഷ്മി പരസ്യത്തിനായി ലക്ഷങ്ങള്‍ ചെലവാക്കാതെ വില്‍പ്പന കൂട്ടിയ പരസ്യതന്ത്രമാണ് ഇതെന്ന് ജനങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ മാഗസിന്റെ വില്‍പ്പന ഇനിയും വര്‍ദ്ധിക്കും, പരസ്യം വിജയിക്കും അത്ര തന്നെ!




കൂടുതല്‍വാര്‍ത്തകള്‍.