Breaking Now

പൊന്നാനി വികസന പദ്ധതിയേയും ഡിഎംആര്‍സി കൈവിട്ടു ; കേരളത്തിലേക്കിനിയില്ല ; മെട്രോയുടെ ശേഷിച്ച ജോലി പൂര്‍ത്തിയാക്കി മടങ്ങും

കേരളത്തില്‍ ഇനി ഒരു പദ്ധതിയും ഡിഎംആര്‍സി ഏറ്റെടുക്കില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് പിന്നാലെ നിര്‍ദ്ദിഷ്ട പൊന്നാനി വികസന പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറുന്നു. പൊന്നാനി നഗരസഭ അദ്ധ്യക്ഷനെ ഇക്കാര്യം അറിയിച്ചതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു.

പൊന്നാനിയിലെ അടിസ്ഥാനവികസന പദ്ധതികള്‍ക്കായി വിശദ പദ്ധതിരേഖ തയാറാക്കി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ പൊന്നാനിയിലെ ഒരു പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാനാകില്ല. കേരളത്തില്‍ ഇനി ഒരു പദ്ധതിയും ഡിഎംആര്‍സി ഏറ്റെടുക്കില്ലെന്നും കൊച്ചി മെട്രോയുടെ ശേഷിക്കുന്ന നിര്‍മാണം പൂര്‍ത്തീകരിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊന്നാനിയുടെ വികസന പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പദ്ധതികള്‍ തയാറാക്കിയത്. മാലിന്യ സംസ്‌കരണ പ്ലാന്റ്, ആധുനിക അറവുശാല, സമഗ്ര അഴുക്കുചാല്‍ സംവിധാനം, മത്സ്യത്തൊഴിലാളി പുനരധിവാസം, തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തല്‍, സമഗ്ര ശുദ്ധജല പദ്ധതി, താലൂക്ക് ആശുപത്രി നവീകരണം, ആധുനിക ശ്മശാനം തുടങ്ങിവ ഉള്‍പ്പെടുന്ന വികസന പദ്ധതിയാണ് ഡിഎംആര്‍സി തയാറാക്കിയത്.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ഡിഎംആര്‍സി നിയമിച്ച ഉദ്യോഗസ്ഥരെയല്ലാം പിന്‍വലിച്ചതായും ഓഫിസ് പൂട്ടുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.