CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 2 Minutes 30 Seconds Ago
Breaking Now

അച്ഛനെ കൊന്നവര്‍ക്ക് മാപ്പ് നല്‍കിക്കഴിഞ്ഞു; രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് താനും സഹോദരിയും മാപ്പ് നല്‍കിയതായി രാഹുല്‍ ഗാന്ധി; കമ്മാന്‍ഡോകള്‍ക്ക് ഇടയിലുള്ള ജീവിതം ബുദ്ധിമുട്ടാണ്

രാഷ്ട്രീയത്തില്‍ തെറ്റായ ആളുകള്‍ക്കെതിരെ കളിക്കാന്‍ ഇറങ്ങിയാല്‍ മരണം ഉറപ്പാണ്

രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് മാപ്പ് നല്‍കിക്കഴിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താനും സഹോദരി പ്രിയങ്ക ഗാന്ധിയും ഇക്കാര്യത്തില്‍ ഒരു മനസ്സാണ്. 'ഞങ്ങള്‍ വളരെ ദുഃഖിതരായിരുന്നു, മനസ്സിന് മുറിവേറ്റിരുന്നു, വര്‍ഷങ്ങളോളം രോഷാകുലരുമായിരുന്നു. പക്ഷെ എങ്ങിനെയോ, ഒരുപക്ഷെ പരിപൂര്‍ണ്ണമായി ഞങ്ങള്‍ മാപ്പ് നല്‍കിക്കഴിഞ്ഞു', സിംഗപ്പൂരിലെ ഐഐഎം പൂര്‍വ്വവിദ്യാര്‍ത്ഥികളുമായി സംസാരിക്കവെ രാഹുല്‍ വ്യക്തമാക്കി. 

ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മുടെയൊക്കെ ഉള്ളില്‍ ചിന്തകളുടെ, സമ്മര്‍ദത്തിന്റെ, ആശങ്കകളുടെ ഒരു സംഘര്‍ഷം അരങ്ങേറും. എല്‍ടിടിഇ പ്രഭാകരന്‍ കൊല്ലപ്പെട്ട് കിടക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടപ്പോഴും രണ്ട് ചിന്തകളാണ് മനസ്സില്‍ ഉദിച്ചത്. എന്തിനാണ് ഈ മനുഷ്യനെ ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ആദ്യം ചിന്തിച്ചത്. രണ്ടാമത്തെ കാര്യം അയാളുടെ കുട്ടികളെ കുറിച്ചായിരുന്നു. കാരണം അവിടെ നില്‍ക്കുന്നവരുടെ അവസ്ഥ എത്രത്തോളം മോശമാണെന്ന് എനിക്ക് വ്യക്തമായറിയാം. ഒരു അക്രമം അരങ്ങേറുമ്പോള്‍ അതിന് പിന്നില്‍ മനുഷ്യരുണ്ടെന്നും, ഒറു കുടുംബമുണ്ടെന്നും, കരയുന്ന ഒരു കുട്ടിയും പിന്നിലുണ്ടെന്നാണ് ചിന്തിക്കുക. ഈ ചിന്തയിലേക്ക് എത്താന്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന് മൂല്യമുണ്ട്. ആളുകളെ വെറുക്കുന്നത് ബുദ്ധിമുട്ടാണ്, എന്റെ സഹോദരിയും അങ്ങിനെയാണ്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

1991 മെയ് 21-നായിരുന്നു എല്‍ടിടിഇ ചാവേര്‍ രാജീവ് ഗാന്ധിയെ സ്‌ഫോടനത്തില്‍ വധിക്കുന്നത്. തന്റെ പിതാവും, മുത്തശ്ശിയും മരിക്കുമെന്ന് ധാരണയുണ്ടായിരുന്നെന്നും രാഹുല്‍ പറയുന്നു. രാഷ്ട്രീയത്തില്‍ തെറ്റായ ആളുകള്‍ക്കെതിരെ കളിക്കാന്‍ ഇറങ്ങിയാല്‍ മരണം ഉറപ്പാണ്. 14 വയസ്സുള്ളപ്പോഴാണ് ഇന്ദിര വധിക്കപ്പെടുന്നത്. ഞാന്‍ ബാഡ്മിന്റണ്‍ കളിച്ചിരുന്ന വ്യക്തിയാണ് അത് ചെയ്തത്. ഇതിന് ശേഷം അച്ഛന്‍ മരിച്ചു. രാവിലെ മുതല്‍ രാത്രി വരെ 15 പേര്‍ ചുറ്റും ഉണ്ടാകുന്ന ആ ജീവിതം ഒരു ആനുകൂല്യമല്ല, ബുദ്ധിമുട്ട് തന്നെയാണ്, രാഹുല്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.