CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 8 Seconds Ago
Breaking Now

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെ 22-കാരനെ സ്വര്‍ഗ്ഗത്തിലേക്ക് അയച്ച് തെമ്മാടിക്കൂട്ടം; ഓള്‍ഡ്ഹാമിലെ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 22-കാരനെ കുത്തിക്കൊന്നു; കേസില്‍ പിടിയിലായത് 15 വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍

കൊലപാതകത്തില്‍ ഞെട്ടി ഇരിക്കുകയാണ് വളരെ അടുപ്പമുള്ള ഗോള്‍ഡ്‌വിക്ക് പ്രദേശത്തെ സമൂഹം.

ഇംഗ്ലണ്ടിലെ തെമ്മാടിക്കൂട്ടങ്ങള്‍ എപ്പോള്‍ എവിടെ വെച്ച് അക്രമിക്കുമെന്ന് യാതൊരു പിടിയുമില്ല. പലപ്പോഴും യാതൊരു പ്രകോപനവുമില്ലാതെയാണ് നിരപരാധികള്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. പലപ്പോഴും പ്രതികള്‍ കൗമാരക്കാരുമാകും. ഇത്തരത്തില്‍ പല മോഷണശ്രമങ്ങളും അരങ്ങേറിയിട്ടുണ്ട്, ഇതിനിടെ പലര്‍ക്കും സ്വന്തം ജീവന്‍ പോലും നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 വയസ്സുകാരനാണ് സമാനമായ അക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാമിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അക്രമം. 

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ രാത്രിയോടെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി. 20, 22, 20 എന്നീ വയസ്സുകളില്‍ പ്രായമുള്ള മൂന്ന് പ്രതികള്‍ക്ക് പുറമെ 15 വയസ്സുകാരനും പിടിയിലായിട്ടുണ്ട്. സിക്കിള്‍ സ്ട്രീറ്റിലുള്ള ജലാലാബാദ് ജമായ് മസ്ജിദ് പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ഇരയെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് നിന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. തെളിവുകള്‍ക്കായി പോലീസ് ഫോറന്‍സിക് സംഘം തെരുവില്‍ പരിശോധനകള്‍ തുടരുകയാണ്. 

കൊലപാതകത്തില്‍ ഞെട്ടി ഇരിക്കുകയാണ് വളരെ അടുപ്പമുള്ള ഗോള്‍ഡ്‌വിക്ക് പ്രദേശത്തെ സമൂഹം. എല്ലാവരും വളരെ മാന്യമായി പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥലത്താണ് ഈ അക്രമമെന്ന് പ്രദേശവാസിയായ ലോറ മോംഗന്‍ വ്യക്തമാക്കി. ഇതൊരു ഞെട്ടിക്കുന്ന സംഭവമാണ്, ഇവിടെ ഇങ്ങനൊരു അക്രമം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല, ലോറ പറഞ്ഞു. ഈ അവസ്ഥ ആര്‍ക്കും നേരിടാമെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇതോടെ പുറത്തുവന്നതെന്ന് റസല്‍ സ്റ്റാന്‍സ്ഫീല്‍ഡ് പ്രതികരിച്ചു. അക്രമത്തിന് ശേഷം മറ്റൊരു കാല്‍നടക്കാരനാണ് ഇരയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ആംബുലന്‍സ് എത്തും വരെ ഇദ്ദേഹം പരുക്കേറ്റ വ്യക്തിയെ ശുശ്രൂഷിച്ചു. 

അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ദൃക്‌സാക്ഷി മൊഴികള്‍ക്കായി ശ്രമിച്ച് വരികയാണെന്നും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വ്യക്തമാക്കി. ദുരന്തം നേരിട്ട കുടുംബത്തിലെ അംഗങ്ങളെ പോലീസ് അനുശോചനം അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.