CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 27 Seconds Ago
Breaking Now

ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നത് 1700 ലധികം ജന പ്രതിനിധികള്‍ ; മുന്നില്‍ ഉത്തര്‍പ്രദേശ്

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ 100ലധികം ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.

എംപിമാരും എം.എല്‍.എമാരുമായി 1765 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകള്‍. ജസ്റ്റിസ് രഞ്ജന്‍ ഖൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര നിയമ മന്ത്രാലയമാണ് വിവരം കൈമാറിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ കഴിഞ്ഞ ഡിസംബറിലാണ് കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്.

യുപിയില്‍ നിന്നുള്ള ജനപ്രതിനിധികളാണ് ഏറ്റവും അധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവിടെ എംപിമാരും എം.എല്‍.എമാരുമായി 248 പേര്‍ ക്രിമിനല്‍ കേസുകളില്‍ നിയമ നടപടികള്‍ നേരിടുന്നുണ്ട്. തമിഴ്‌നാട്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം അടുത്ത മൂന്ന് സ്ഥാനങ്ങളില്‍. തമിഴ്‌നാട്ടില്‍ 178 പേരും ബീഹാറില്‍ 144 പേരും വെസ്റ്റ് ബംഗാളില്‍ 139 പേരും നിലവില്‍ കോടതി നടപടികള്‍ക്ക് വിധേയരാകുന്നവരാണ്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ 100ലധികം ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3816 കേസുകളില്‍ 771 എണ്ണത്തില്‍ മാത്രമാണ് വിചാരണ കഴിഞ്ഞത്. 3,045 കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 539ഉം കേരളത്തില്‍ 373ഉം തമിഴ്‌നാട്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ 300ലധികവും കേസുകള്‍ കെട്ടിക്കിടക്കുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.