Breaking Now

ഡല്‍ഹി മുഖ്യന് തിരിച്ചടി; കെജ്രിവാളിന്റെ വലംകൈ രാജിവെച്ചു

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നാണ് സൂചന

ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി എംഎല്‍എമാര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകന്‍ വി.കെ. ജെയിന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളും, കുടുംബത്തിന്റെ ഉത്തരവാദിത്വവും ചൂണ്ടിക്കാണിച്ചാണ് രാജിക്കത്ത് നല്‍കിയതെങ്കിലും ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യഥാര്‍ത്ഥ കാരണമെന്ന് വ്യക്തം.

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ജെയിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജിക്കത്ത് സമര്‍പ്പിച്ച ഉപദേശകന്‍ പകര്‍പ്പ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിലേക്കും അയച്ചുനല്‍കി. ഡല്‍ഹി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡ് സിഇഒ സ്ഥാനത്ത് നിന്നും വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിലാണ് ജെയിന്‍ ഉപദേശകസ്ഥാനത്ത് എത്തുന്നത്. കെജ്രിവാളാണ് ബോര്‍ഡ് ചെയര്‍മാന്‍. 

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിന് ശേഷം ജെയിന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരുന്നില്ല. കൂടാതെ ഒരാഴ്ച മെഡിക്കല്‍ ലീവും എടുത്തു. ആം ആദ്മി എംഎല്‍എമാരായ പ്രകാശ് ജര്‍വാള്‍, അമാനത്തുള്ള ഖാന്‍ എന്നിവര്‍ ചീഫ് സെക്രട്ടറിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി ഇദ്ദേഹം പോലീസിന് മൊഴി നല്‍കിയിരുന്നു. 

അന്‍ഷു പ്രകാശിന്റെ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കനത്ത സമ്മര്‍ദം നേരിടുന്നതിനിടെയാണ് ജെയിന്റെ രാജി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.