എന്തൊക്കെയുണ്ടായാലും സന്തോഷം ഇല്ലെങ്കില്‍ പിന്നെന്ത് കാര്യമെന്ന് ചിലര്‍ ചോദിക്കാറുണ്ട് .എന്തായാലും ഇന്ത്യക്കാര്‍ അത്ര സന്തോഷത്തില്‍ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷത്തില്‍ മുന്നിലാണത്രെ.
ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 133ാം സ്ഥാനമാണ് ലഭിച്ചത്. തീവ്രവാദം മൂലം പൊറുതി മുട്ടിയ പാകിസ്ഥാനികള്‍ക്ക് ഇന്ത്യക്കാരേക്കാള്‍ സന്തോഷമുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയേക്കാള്‍ ദരിദ്രരാജ്യമായ നേപ്പാളും സന്തോഷത്തില്‍ നമ്മുടെ നാട്ടുകാരെ തോല്‍പ്പിച്ചു. മുന്‍പത്തെ റാങ്കിംഗില്‍ 122ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇക്കുറി 11 സ്ഥാനങ്ങളാണ് താഴ്ന്നത്. 156 രാജ്യങ്ങളുടെ പട്ടികയാണ് യുഎന്‍ പുറത്തുവിട്ടത്.
സാര്‍ക്ക് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയുടെ സ്ഥാനം പിന്നില്‍ തന്നെ. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഏക ആശ്വാസം. മാര്‍ച്ച് 20ന് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നതിന് മുന്നോടിയായാണ് ലോക സന്തോഷ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സാര്‍ക്ക് രാജ്യങ്ങളായ പാകിസ്ഥാന് 75, ഭൂട്ടാന് 97, നേപ്പാള്‍ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116 എന്നീ റാങ്കുകളിലാണ്. മാള്‍ഡീവ്സ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചില്ല.
ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സാമ്പത്തിക, ആരോഗ്യ വിവരങ്ങള്‍ കൂടി ചേര്‍ത്താണ് പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ നോര്‍വേ ആയിരുന്നു ഒന്നാമത്. അമേരിക്ക 18, ബ്രിട്ടന് 19, യുഎഇ 20ാം സ്ഥാനങ്ങളിലാണുള്ളത്.