CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 28 Seconds Ago
Breaking Now

ഈ പ്രണയവും വിവാഹവും എന്ന് പറയുന്നതൊക്കെ എന്നെന്നേയ്ക്കുമുള്ളതാണ്; വര്‍ഷങ്ങളോളം അന്വേഷിച്ച് രണ്ടാം കെട്ടുകാരിയെ ജീവിതസഖിയാക്കുന്ന ഹാരി രാജകുമാരന്‍ പറയുന്നു; 30 മില്ല്യണ്‍ പൗണ്ടിന്റെ സ്വത്തിനെക്കുറിച്ച് ഭയമില്ല, അതിന് കരാറും വേണ്ട!

സ്വത്ത് സംരക്ഷിക്കാന്‍ ഒരു വിവാഹപൂര്‍വ്വ കരാറിനെക്കുറിച്ച് ഹാരി സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്.

അതാവണമെടാ രാജകുമാരന്‍! ഇങ്ങനെ ഒരു ഡയലോഗ് കാച്ചിയാല്‍ ഒട്ടും കുറഞ്ഞ് പോകില്ല. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കുള്ള ദൂരം പലപ്പോഴും വളരെ കൂടുതലാണ്. പ്രണയിക്കുമ്പോള്‍ എല്ലാ കുറ്റങ്ങളും കുറവുകളും അംഗീകരിക്കുകയും വിവാഹത്തിന്റെ കാര്യമെത്തുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന രീതി ഉള്ളത് കൊണ്ടാണ് പല പ്രണയങ്ങളും ഒടുങ്ങിപ്പോകുന്നത്. ഇനി ഇതൊന്നുമല്ലാതെ ചിന്തിച്ചുറപ്പിച്ച് വിവാഹം കഴിച്ചാലോ എന്തെങ്കിലും നേട്ടമുണ്ടോ? ഒരു വീടോ, കാറോ വാങ്ങുമ്പോള്‍ അത് ആരുടെ പേരില്‍ വാങ്ങുന്നുവെന്നത് വരെ ഈ വിശ്വാസത്തിന് ഉദാഹരണമാണ്. നാളെ കൂടെയുണ്ടാകുമെന്ന ഉറപ്പില്ലാത്തതിനാല്‍ പലരും മൂല്യമുള്ള വസ്തുക്കള്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കും. 

എന്നാല്‍ ഹാരി രാജകുമാരന്‍ ആ കൂട്ടത്തില്‍ പെടില്ല. ബ്രിട്ടീഷ് രാജകസേരയ്ക്ക് പോലും യോഗ്യതയുള്ള ഹാരിയ്ക്ക് 30 മില്ല്യണ്‍ പൗണ്ടിന്റെ സ്വത്തുവകകളുണ്ട്. ഇപ്പോള്‍ ഒരു വിവാഹത്തിന് ഒരുങ്ങുകയുമാണ്. അതും ഒരു വിവാഹം വേര്‍പ്പെടുത്തിയ മെഗാന്‍ മാര്‍ക്കിളെന്ന 36-കാരിയെ. പക്ഷെ വര്‍ഷങ്ങളോളം അന്വേഷിച്ച് ഒടുവില്‍ കണ്ടെത്തിയ മെഗാന്‍ നാളെ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഭയമില്ലെന്നാണ് ഹാരി വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തനിക്ക് അവകാശപ്പെട്ട പൂര്‍വ്വിക സ്വത്ത് നഷ്ടമാകാതിരിക്കാന്‍ ഒരു പ്രീനുപിറ്റല്‍ കരാറില്‍ ഒപ്പിടില്ലെന്നും 33-കാരനായ രാജകുമാരന്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്വത്ത് സംരക്ഷിക്കാന്‍ ഒരു വിവാഹപൂര്‍വ്വ കരാറിനെക്കുറിച്ച് ഹാരി സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്. തന്റെ പ്രണയവും വിവാഹവും എന്നെന്നേയ്ക്കും ഉള്ളതാണ്. അതുകൊണ്ട് തന്നെ അത്തരമൊരു കരാറിന്റെ ആവശ്യവും വരില്ല, ഹാരി പ്രതികരിക്കുന്നു. മെഗാന്‍ തന്റെ ആദ്യ ഭര്‍ത്താവിനെ രണ്ട് വര്‍ഷത്തിന് ശേഷം ഉപേക്ഷിച്ചിരുന്നു. അമേരിക്കന്‍ ഫിലിം പ്രൊഡ്യൂസര്‍ ട്രെവര്‍ എംഗിള്‍സണെയാണ് ഇവര്‍ ആദ്യം വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ നാളെ ഹാരിയെ ഉപേക്ഷിച്ചെങ്ങാന്‍ പോകുന്ന സാഹചര്യം ഉണ്ടായാല്‍ രാജകീയ സ്വത്ത് സംരക്ഷിക്കാന്‍ ഹാരി ഇത്തരമൊരു കരാര്‍ ഒപ്പുവെയ്ക്കണമെന്ന് രാജകീയ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. 

വിവാഹപൂര്‍വ്വ കരാറുകള്‍ക്ക് യുകെയില്‍ നിയമപരിരക്ഷ ഇല്ലെങ്കിലും വിവാഹമോചന കേസുകളില്‍ ഇത് പരിഗണിക്കാറുണ്ട്. ഹാരിയ്ക്ക് 30 വയസ്സ് തികഞ്ഞപ്പോഴാണ് ഡയാന രാജകുമാരിയുടെ 10 മില്ല്യണ്‍ സ്വത്ത് രാജകുമാരന് കൈമാറ്റം ചെയ്തത്. ഇതുകൂടാതെ 20 മില്ല്യണ്‍ സ്വത്ത് ഹാരിയ്ക്ക് വേറെയുണ്ടെന്നാണ് കണക്ക്. മെഗാന് തന്റെ വിജയകരമായ അഭിനയമേഖലയിലൂടെ 4 മില്ല്യണ്‍ പൗണ്ട് സ്വത്തുണ്ട്. കെയ്റ്റ് മിഡില്‍ടണെ വിവാഹം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഇത്തരമൊരു കരാര്‍ വേണ്ടെന്ന് വെച്ച സഹോദരന്‍ വില്ല്യമിന്റെ പാതയാണ് ഹാരി പിന്തുടര്‍ന്നത്. 

ഇവരുടെ അമ്മ ഡയാനയ്ക്കും ഇത്തരമൊരു കരാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചാള്‍സ് രാജകുമാരനുമായുള്ള വിവാഹചമോചന പോരാട്ടത്തില്‍ വിജയിക്കാന്‍ അവര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു. 1996ല്‍ വിവാഹമോചനത്തിന്റെ ഭാഗമായി 17 മില്ല്യണ്‍ പൗണ്ടും, പ്രതിവര്‍ഷം നാല് ലക്ഷം പൗണ്ടുമാണ് ഡയാന നേടിയെടുത്തത്. എന്തായാലും അമ്മയുടെ അവസ്ഥ മെഗാന് നല്‍കില്ലെന്ന് ഉറപ്പിച്ചാണ് ഹാരിയുടെ ഈ തീരുമാനം. 




കൂടുതല്‍വാര്‍ത്തകള്‍.