ലൈറ്റ് മെട്രോയ്ക്ക് പണമില്ല. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പെന്ഷന് നല്കാന് പണമില്ല, ശമ്പളം നല്‍കാനും ഖജനവ് കാലി. എന്നാല്‍ ആര്ഭാടങ്ങള്ക്ക് യാതൊരു കുറവുമില്ല. സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുന്നുവെന്ന പേരില്‍ പൊടിക്കാന്‍ പോകുന്നത് 16 കോടി രൂപയാണ് .
മേയ് ഒന്നു മുതല്‍ 31 വരെയാണു വാര്‍ഷികാഘോഷം. സംസ്ഥാനത്തു പൂര്‍ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങള്‍ മേയിലേക്കു മാറ്റി. ഇതോടെ, ചില പദ്ധതികള്‍ നേരത്തേ പൂര്‍ത്തിയാക്കുകയും ചിലതു വൈകിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്ത് അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയില്‍ നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങള്‍. വാര്‍ഷികം കണക്കിലെടുത്തു സംസ്ഥാനത്തെ 40 ലക്ഷം സ്കൂള്‍കുട്ടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്.
മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികള്‍ക്കു വൃക്ഷത്തൈയും വിത്തുകളും നല്‍കും. അന്നുതന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എല്‍പി, യുപി ക്ലാസുകളിലെ കുട്ടികള്‍ക്കു യൂണിഫോം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.