CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 11 Seconds Ago
Breaking Now

സെന്റ് പാട്രിക് ദിനം ആഘോഷിക്കാന്‍ ഇറങ്ങാതെ വീട്ടിലിരുന്നോളൂ; ആശ്വാസത്തിലേക്കുള്ള വഴിമുടക്കി മിനി ബീസ്റ്റ്; താപനില -10 സെല്‍ഷ്യസിലേക്ക്; പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ്; 25 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

ലണ്ടനിലെ ഹീത്രൂ വിമാനത്തില്‍ വന്നിറങ്ങുകയും യാത്ര ആരംഭിക്കുകയും ചെയ്യേണ്ട 146 വിമാനങ്ങള്‍ റദ്ദാക്കി

ബ്രിട്ടനിലെ കാലാവസ്ഥ മെച്ചപ്പെടുത്താന്‍ പ്രകൃതി ആഗ്രഹിക്കുന്നില്ലെന്ന് തോന്നും ഈ പോക്ക് കണ്ടാല്‍. ഒന്നിന് പിറകെ ഒന്നായി മഞ്ഞുവീഴ്ചയ്ക്കും, ഐസിനും, മഴയ്ക്കും കാരണമാകുന്ന ഓരോ പ്രതിബന്ധങ്ങള്‍ എത്തുകയാണ്. 25 വര്‍ഷക്കാലത്തെ കൊടുശൈത്യത്തിന് ശേഷം ഒരു മടങ്ങിവരവിന് ശ്രമിക്കവെയാണ് കാലാവസ്ഥ വീണ്ടും ദുഷ്‌കരമാക്കി മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് വഴിമുടക്കിയത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ താപനില -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. കൊടുംതണുപ്പില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. 

ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ പല ഭാഗത്തും തുടരുമ്പോഴും ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച 25 സെന്റിമീറ്ററിലേക്ക് ഉയരുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കിയത്. കാര്യങ്ങള്‍ കൂടുതല്‍ തണുപ്പിലേക്കാണ് നീങ്ങുന്നതെന്ന് മെറ്റ് ഓഫീസ് മീറ്റിയോറോളജിസ്റ്റ് മാര്‍ക്ക് വില്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ദിവസം മുഴുവന്‍ മഞ്ഞുപെയ്യാനാണ് സാധ്യത. സൗത്ത് വെസ്റ്റേണ്‍ പ്രദേശങ്ങളിലാണ് ഇതിന്റെ ആധിക്യം കൂടുക. പ്രത്യേകിച്ച് വെയില്‍സിന്റെ ചില ഭാഗങ്ങളും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും അവസ്ഥ ദുര്‍ഘടമാകും. 

ലണ്ടനിലെ ഹീത്രൂ വിമാനത്തില്‍ വന്നിറങ്ങുകയും യാത്ര ആരംഭിക്കുകയും ചെയ്യേണ്ട 146 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് വിവരം. ഞായറാഴ്ചത്തെ മാത്രം സ്ഥിതിയാണിത്. ഹൃസ്വദൂര യാത്രാ വിമാനങ്ങളെയാണ് റദ്ദാക്കല്‍ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ദീര്‍ഘദൂര വിമാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ റദ്ദാക്കലുകള്‍ തിങ്കളാഴ്ചയും തുടര്‍ന്നാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങും. ശനിയാഴ്ച നൂറിലധികം വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. ഗാറ്റ്‌വിക്കില്‍ പ്രവര്‍ത്തനം സാധാരണ നിലയിലാണെങ്കിലും കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തില്‍ ഇതില്‍ മാറ്റങ്ങളുണ്ടാകുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ യാത്രക്ക് ഇറങ്ങുന്നവര്‍ എയര്‍ലൈന്‍ കമ്പനിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷം മാത്രം യാത്ര ആരംഭിക്കാനും ഗാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് ഉപദേശിച്ചു. 

റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈവേ ഇംഗ്ലണ്ട് റോഡ് സേഫ്റ്റി മേധാവി റിച്ചാര്‍ഡ് ലിയോണാര്‍ഡ് ഓര്‍മ്മിപ്പിച്ചു. മുന്നിലുള്ള വാഹനങ്ങളില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. കൂടാതെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കി കൈയില്‍ ബ്ലാങ്കറ്റും, ഭക്ഷണവും വെള്ളവും, ഷവലും കരുതണമെന്നും നിര്‍ദ്ദേശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.