മൃഗശാലയിലെ സിംഹക്കൂടിന്റെ ഗേറ്റ് അടയ്ക്കാന്‍ മറന്നുപോയതിന് ജീവനക്കാരന്‍ സ്വന്തം ജീവന്‍ കൊണ്ട് പ്രതിഫലം നല്‍കി. മെക്‌സിക്കോയിലെ ടുളാന്‍സിങ്കോയിലുള്ള നിക്കോളാസ് ബ്രാവോ മൃഗശാലയിലാണ് സിംഹം ജീവനക്കാരന്റെ ജീവനെടുത്തത്. 28-കാരനായ ഗുസ്താവോ സെറാനോ കാരാബജാലാണ് കൊല്ലപ്പെട്ടത്.
സിംഹക്കൂട്ടിലെ ഗേറ്റിന്റെ ലോക്ക് അടച്ചുപൂട്ടാന്‍ മറന്നുപോയതോടെ ഗേറ്റ് തുറന്ന് സിംഹം ഇയാളെ അക്രമിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലാണ് സിംഹം കടിച്ച് കുടഞ്ഞത്. മറ്റ് ജീവനക്കാരാണ് ഗുസ്താവോയുടെ മൃതദേഹം കണ്ടെത്തിയത്. 22 വയസ്സുള്ള കിംബയെന്ന സിംഹമാണ് അക്രമം നടത്തിയത്. മൃഗശാലയില്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ജീവനക്കാരനെ കൊന്ന സിംഹം തുടര്‍ന്നും ഇവിടെ തന്നെ കാണുമെന്ന് പ്രാദേശിക കൗണ്‍സിലര്‍ വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് മൃഗശാലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.