CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 55 Seconds Ago
Breaking Now

മോഷ്ടിച്ച കാറില്‍ അകപ്പെട്ട മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; 2 മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ കാര്‍ കണ്ടെത്തിയത് പുഴയില്‍ മുങ്ങിയ നിലയില്‍; കുഞ്ഞിനെ പുറത്തെടുത്ത് കാര്‍ഡിഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രമങ്ങള്‍ വിഫലമായി

മോഷ്ടിക്കാന്‍ ശ്രമിച്ച കാറിനേക്കാള്‍ ഏറെ വിലയുള്ള ഒരു കുഞ്ഞ് ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

'ഈ കാര്‍ കണ്ടെത്താന്‍ സഹായിക്കാമോ? ഇത് മോഷ്ടിക്കപ്പെട്ടതാണ്, എന്റെ മൂന്ന് വയസ്സുള്ള മകളും ഇതില്‍ പെട്ടിരിക്കുന്നു. ദയവായി പങ്കുവെയ്ക്കൂ', ഫേസ്ബുക്കില്‍ കുഞ്ഞിന്റെ അമ്മ കിം റോലാന്‍ഡ്‌സ് ആശങ്കയോടെ കുറിച്ചു. കര്‍മാര്‍തന്‍ഷയറില്‍ നിന്ന് മോഷ്ടിക്കപ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞ് കിയാരയുമായാണ് മോഷ്ടാവ് പറന്നത്. രണ്ട് മണിക്കൂറോളം ആശങ്കാകുലമായ തെരച്ചില്‍. മോഷ്ടിച്ച കാര്‍ ഒടുവില്‍ കണ്ടെത്തിയത് പുഴയില്‍ അപകടത്തില്‍ പെട്ട നിലയില്‍. അധികൃതര്‍ കാറില്‍ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി കാര്‍ഡിഫ് വെയില്‍സ് യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലില്‍ വെയില്‍സ് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ എത്തിച്ചെങ്കിലും ശ്രമം വിഫലമായി. കിയാര മരണത്തിന് കീഴടങ്ങി. 

മോഷ്ടിക്കപ്പെട്ട കാറില്‍ കുടുങ്ങി മരണത്തെ പുല്‍കേണ്ടി വന്ന കിയാരയ്ക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും ബാഷ്പാഞ്ജലി അര്‍പ്പിക്കപ്പെടുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് സില്‍വര്‍ മിനി മോഷ്ടിക്കപ്പെട്ടതായി പോലീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ഇതില്‍ കുഞ്ഞും പെട്ടതായി മനസ്സിലാക്കിയതോടെ വ്യാപകമായ തെരച്ചിലാണ് നടത്തിയത്. രണ്ട് മണിക്കൂറിന് ശേഷം കാര്‍ഡിഫ് തെയ്ഫി പുഴയില്‍ നിന്നാണ് കാര്‍ കണ്ടെത്തുന്നത്. ഹെലികോപ്ടര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചതെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. എമര്‍ജന്‍സി സര്‍വ്വീസുകളുടെ മികച്ച പരിശ്രമങ്ങള്‍ക്കും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ പങ്കാളി ജെറ്റ് മൂര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. 

'ഈ വൈകുന്നേരം എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയവര്‍ക്ക് നന്ദി. പുഴയില്‍ ചാടി കുട്ടിയെ പുറത്തെടുത്ത ഓഫീസര്‍മാര്‍ക്കും, മറ്റ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും നന്ദി. പക്ഷെ കിയാരയ്ക്ക് ചെറിയ ജീവിതകാലം മാത്രമാണ് ഉണ്ടായിരുന്നത്', ജെറ്റ് മൂര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നദീതീരത്തുള്ള ഫിഞ്ച് സ്‌ക്വയറിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. ഈ ചെറിയ പട്ടണത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. കാര്‍ഡിഗന്‍ ഇന്‍ഷോര്‍ ലൈഫ്‌ബോട്ട്, കാര്‍ഡിഗന്‍ കോസ്റ്റ്ഗാര്‍ഡ്, ഗുബെര്‍ട്ട് കോസ്റ്റ്ഗാര്‍ഡ്, മോയ്‌ലെഗ്രോവ് കോസ്റ്റ്ഗാര്‍ഡ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. 

അതേസമയം വാഹനം അപകടത്തില്‍ പെട്ടത് എങ്ങിനെയെന്നത് മുതല്‍ കുട്ടി വാഹനത്തില്‍ എങ്ങിനെ പെട്ടുപോയി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. മോഷ്ടിക്കാന്‍ ശ്രമിച്ച കാറിനേക്കാള്‍ ഏറെ വിലയുള്ള ഒരു കുഞ്ഞ് ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.