CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 41 Minutes Ago
Breaking Now

അമ്മൂമ്മയെ തല്ലിയവളെന്ന് വിളിക്കുമ്പോഴും ദീപയ്ക്ക് ചിലത് പറയാനുണ്ട് ; ഒരു സങ്കട കടലിന്റെ കഥ

പൊലീസും നാട്ടുകാരും ചേര്‍ന്നു വയോധികരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി പ്രാഥമിക ചികില്‍സ നല്‍കി. ദീപയെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എന്ത് തെറ്റിനും ന്യായീകരണമുണ്ടാകുമെന്ന് പറയുമ്പോഴും അത് പലപ്പോഴും നമുക്ക് ഉള്‍ക്കൊള്ളാനാകില്ല. അമ്മുമ്മയെ ക്രൂരമായി ഉപദ്രവിച്ച കൊച്ചുമകള്‍ നമുക്ക് വില്ലത്തി തന്നെയാണ്. എന്നാല്‍ അവര്‍ക്കുമുണ്ട് ചിലത് പറയാന്‍. ഉപ്പാലവളപ്പില്‍ ദീപയ്ക്ക് ഒന്നേ പറയാനുള്ളൂ ''എന്റെ സങ്കടങ്ങള്‍ വെറുതെ ഒന്നു കേള്‍ക്കാനെങ്കിലും ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു''.

90 വസ്സുള്ള അമ്മമ്മയെ തല്ലുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ദീപ(39) അറസ്റ്റിലായത്. ആയിക്കര ഉപ്പാലവളപ്പില്‍ കല്യാണിയെ(90) മര്‍ദിച്ച സംഭവത്തില്‍ മകളായ ജാനകിയുടെ മകള്‍ ദീപയ്‌ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസാണു കേസെടുത്തത്. പൊലീസും നാട്ടുകാരും ചേര്‍ന്നു വയോധികരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി പ്രാഥമിക ചികില്‍സ നല്‍കി. ദീപയെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിതദുരിതങ്ങള്‍ക്കിടയില്‍ ഒരു നിമിഷമുണ്ടായ പ്രകോപനമാണ് ദീപയെക്കൊണ്ടിതു ചെയ്യിച്ചതെന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരടക്കം ആരും മനസ്സിലാക്കിയില്ല. അയല്‍ക്കാരുമായുണ്ടായ ചില പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു  പ്രചരിച്ച ദൃശ്യങ്ങളെന്ന് ദീപ പറയുന്നു. '' ആരോടും ദേഷ്യം കാണിക്കാനില്ല, ആ പ്രകോപനത്തിലാണ് അമ്മമ്മയെ തല്ലിയത്. ചെയ്തത് തെറ്റാണെന്ന് അറിയാം, ഞാനൊരു മനുഷ്യനല്ലേ, എന്റെ സങ്കടം ആരോടാണു പറയേണ്ടത്?''മൂന്നു സെന്റിലെ അടച്ചുറപ്പില്ലാത്ത പൊളിഞ്ഞു വീഴാനായ വീട്ടില്‍ ദീപയടക്കം അഞ്ചു പേര്‍. 90 വയസ്സായ അമ്മമ്മ കല്യാണി, 70 വസ്സായ അമ്മ ജാനകി, രണ്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന രണ്ടു മക്കള്‍. ഇവര്‍ക്കെല്ലാം കൂട്ടിനുള്ളത് പട്ടിണിയാണ്.

ഏഴുവര്‍ഷം മുന്‍പ് ഭര്‍ത്താവു നാടുവിട്ടു പോയതോടെ കുടുംബത്തിന്റെ ചുമതല മുഴുവന്‍  ദീപയിലായി. നഗരത്തിലെ തയ്യല്‍ക്കടയില്‍ സഹായിയായി ഇടക്കാലത്തു ജോലി ചെയ്തിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടില്‍  മകള്‍ക്കു നേരെ ചില അതിക്രമ ശ്രമങ്ങളുണ്ടായതോടെ ഭയം മൂലം വീടുവിട്ടിറങ്ങാതായി. ജോലിക്കു പോകുന്നതും നിര്‍ത്തി. വരുമാനമില്ലെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്ക് 'എപിഎല്‍  കാര്‍ഡ് ' നല്‍കിയിട്ടുണ്ട്. മാസം തോറും ലഭിക്കുന്ന രണ്ടു കിലോഗ്രാം അരിയാണ് ഈ കുടുംബത്തിന്റെ  ഭക്ഷണം. ''ഞങ്ങള്‍ അഞ്ചു പേര്‍ എങ്ങനെ ജീവിക്കുന്നെന്ന് ആരും അന്വേഷിക്കാറില്ല. എപ്പോഴും ഒറ്റപ്പെടല്‍. മക്കളെയും കൊണ്ട് എവിടെയെങ്കിലും പോയി മരിച്ചാലോ എന്നു പോലും തോന്നിയിട്ടുണ്ട്. വിഷമങ്ങള്‍ ഉള്ളുതുറന്നു കേള്‍ക്കാനെങ്കിലും ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ട്.'ദീപ പറയുന്നു.

പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ദീപയെയും മക്കളെയും അമ്മമ്മാരെയും തൊട്ടടുത്ത അഗതി മന്ദിരമായ അത്താണിയിലെ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.