എണ്ണമറ്റ ജീവനുകള്‍ രക്ഷിച്ച് 9/11 ഭീകരാക്രമണത്തില്‍ ഹീറോ പരിവേഷം ഏറ്റുവാങ്ങിയ രണ്ട് പേര് ക്യാന്‍സര്‍ ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങി. ഭീകരാക്രമണം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീത്ത് യംഗ്, തോമസ് ഫെലാന് എന്നിവര്‍ മരിച്ചത്. ന്യൂയോര്‍ക്കിലെ ഇരട്ട ടവറുകള്‍ക്ക് നേരെ അക്രമണം നടന്നതിന് ശേഷം ആളുകളെ രക്ഷിക്കുന്നതിനിടെ ഉയര്‍ന്ന ഹാനികരമായ പുകയും, പൊടിയും ശ്വസിച്ചാണ് ഇവര്‍ക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടതെന്നാണ് പറയപ്പെടുന്നത്.
ഫെറി ക്യാപ്റ്റനായിരുന്ന തോമസ് അക്രമണം കണ്ടതോടെ തന്റെ ടൂര്‍ ബോട്ട് എത്തിച്ച് ലോവര്‍ മാന്‍ഹാട്ടണില്‍ നിന്നും ആയിരങ്ങളെ സഹായിച്ചു. ഇതിന് ശേഷം ഫയര്‍ ഫൈറ്ററായി മാറിയ തോമസ് ഭീകരാക്രമണത്തില്‍ നിന്നുമുള്ള രോഗങ്ങള്‍ മൂലം മരിച്ച 170 പേരില്‍ ഒരാളായി മാറുകയായിരുന്നു.
ഫയര്‍ഫൈറ്റര്‍ കീത്തിന്റെ മക്കളുടെ അമ്മയും 2012ല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടികളെ സംരക്ഷിക്കാന്‍ എന്നും എഫ്ഡിഎന്‍വൈ കുടുംബം ഉണ്ടാകുമെന്ന് എന്‍വൈസി ഫയര്‍ വയര്‍ പേജ് വ്യക്തമാക്കി. കുടുംബത്തെ പരിപാലിക്കുന്നതില്‍ അതീവശ്രദ്ധ കാണിച്ചിരുന്ന ആളാണ് കീത്തെന്നും സേന സ്മരിച്ചു. തോമസ് അത്യാവശ്യ സമയത്ത് സേവനം നല്കാന് മുന്നിട്ടിറങ്ങിയ വ്യക്തിയാണ്. ആളുകളെയും രക്ഷാപ്രവര്‍ത്തകരെയും സ്ഥലത്തെത്തിച്ച ബോട്ട് ക്യാപ്റ്റന്‍ ഒടുവില്‍ ഫയര്‍ ഫൈറ്ററായി മാറുകയായിരുന്നു.
2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ 2996 പേരാണ് കൊല്ലപ്പെട്ടത്. 19 തീവ്രവാദികളും കൊല്ലപ്പെട്ടു. 6000 പേര്‍ക്കാണ് പരുക്കേറ്റത്. 343 ഫയര്‍ഫൈറ്റര്‍മാരും, 71 നിയമപാലകരും വേള്‍ഡ് ട്രേഡ് സെന്ററിലും, ഗ്രൗണ്ടിലുമായി മരിച്ചു.