സിനിമ കാണാന്‍ പോകുന്നത് മാനസികമായ ഒരു ഉല്ലാസം കൊതിച്ചാണ്. പക്ഷെ അവിടെ മരണം നമ്മെ കാത്തിരിക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിക്കില്ല. പക്ഷെ കുടുംബത്തോടൊപ്പം വിഐപി സിനിമാ സീറ്റില്‍ ഇരുന്ന് സിനിമ കാണുകയായിരുന്ന അതീഖ് റഫീക്കിനെ കാലന് ഫൂട്ട്റെസ്റ്റിന്റെ രൂപത്തിലാണ് കുരുക്കിയത്. താഴെവീണ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞ 24-കാരന്റെ തല ഇലക്ട്രോണിക് ഫൂട്ട്റെസ്റ്റിന് ഇടയില്‍ കുരുങ്ങിയതോടെയാണ് യുവാവിന് ഹൃദയാഘാതം നേരിട്ടത്. ഒടുവില്‍ മരണം റഫീക്കിനെ തട്ടിയെടുക്കുകയായിരുന്നു.
ഭാര്യക്കും രണ്ട് വയസ്സുള്ള മകള്‍ക്കും ഒപ്പമാണ് അതീഖ് റഫീക്ക് സിനിമ കാണാന്‍ എത്തിയത്. ഗോള്‍ഡ് ക്ലാസ് സീറ്റിന് ഇടയിലേക്ക് ഫോണ്‍ പോയതോടെ ഇത് എടുക്കാനുള്ള ശ്രമം നടത്തി. പക്ഷെ ഫൂട്ട്റെസ്റ്റില്‍ ഇദ്ദേഹത്തിന്റെ തല കുരുങ്ങി പരിഭ്രാന്തനായ റഫീക്കിന് ഹൃദയാഘാതം ഉണ്ടാവുകയും ബോധരഹിതനായി കിടക്കുകയും ചെയ്യുമ്പോള്‍ ഭാര്യക്ക് നിലവിളിക്കാന്‍ മാത്രമാണ് സാധിച്ചത്. ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റിയിലെ വ്യൂ സിനിമയിലാണ് ദാരുണമായ അപകടം അരങ്ങേറിയത്. വിവരം അറിഞ്ഞ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്തെത്തി. യുവാവിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുത്ത് അടുത്തുള്ള ഹാര്‍ട്ട്ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞ് മരിക്കുകയായിരുന്നു.
കുടുംബം അതീവ ദുഃഖത്തിലാണെന്നും സഹോദരി തകര്‍ന്നിരിക്കുകയാണെന്നും ഭാര്യാസഹോദരി ഫാത്തിമ അര്‍സോ പറഞ്ഞു. റഫീക്കിനെ രക്ഷിക്കാന്‍ ശ്രമിച്ച എല്ലാവര്ക്കും നന്ദി. പക്ഷെ ഇപ്പോള്‍ ആ വലിയ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് കുടുംബം, അര്‍സോ വ്യക്തമാക്കി. റേഡിയോയില്‍ ബഹളം കേട്ടാണ് സിനിമയ്ക്ക് പുറത്ത് നിന്നിരുന്ന സെക്യൂരിറ്റി ഗാര്‍ഡ് അകത്തേക്ക് ഓടിയെത്തുന്നത്. നിലത്ത് കുരുങ്ങിക്കിടന്ന ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു മറ്റ് ജീവനക്കാര്‍. തല കുരുങ്ങിയതിന്റെ പരിഭ്രാന്തിയില്‍ യുവാവ് ഭയന്നിരുന്നു. ഇതിനിടെ ബോധവും നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യ പേരുവിളിച്ച് നിലവിളിക്കുകയായിരുന്നു. 10 മിനിറ്റ് കൊണ്ടാണ് ഫൂട്ട്റെസ്റ്റ് പൊട്ടിച്ച് യുവാവിന്റെ തല പുറത്തെടുത്തത്. മറ്റൊരു ജീവനക്കാരന് സിപിആര്‍ നല്കി, ഗാര്‍ഡ് പറയുന്നു.
തൊട്ടുപിന്നാലെ ആംബുലന്‍സില്‍ പാരാമെഡിക്കുകള്‍ എത്തി. അവര്‍ യുവാവിന്റെ ഹൃദയമിടിപ്പ് തിരികെ എത്തിച്ചു. അപ്പോള്‍ എല്ലാവരും പ്രതീക്ഷയിലായിരുന്നു, എന്നാല്‍ റഫീക്ക് മരിച്ചെന്ന വാര്‍ത്ത സിനിമാ ജീവനക്കാരെയും വിഷമത്തിലാക്കി. മാര്‍ച്ച് 9ന് ബര്‍മിംഗ്ഹാം സിനിമയിലാണ് അപകടം നടന്നതെന്ന് വ്യൂ സിനിമ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സുഖപ്രദവും ആഡംബരവും നിറഞ്ഞ ഗോള്‍ഡ് ക്ലാസില്‍ കോംപ്ലിമെന്ററി പോപ്പ്കോണും, ലൈസന്‍സ്ഡ് ബാറും, മികച്ച കാഴ്ചാനുഭവവും സമ്മാനിക്കുമെന്നാണ് കമ്പനി വെബ്സൈറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ അവിടെ മരണവും സിദ്ധിക്കുമെന്ന് ഈ സംഭവം കൂട്ടിച്ചേര്‍ക്കുന്നു.