CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 31 Seconds Ago
Breaking Now

ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല; മനസ്സ് തുറന്ന് സാലിസ്ബറി അക്രമണത്തില്‍ വിഷബാധയേറ്റ പോലീസ് ഓഫീസര്‍; റഷ്യന്‍ ചാരനും മകളും അബോധാവസ്ഥയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങില്ല

അബോധാവസ്ഥയില്‍ കിടക്കുന്ന സ്‌ക്രിപാലിന്റെയും മകളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി ജഡ്ജ്

മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെ നടന്ന രാസായുധ പ്രയോഗത്തിന്റെ ആഘാതത്തില്‍ നിന്നും അവര്‍ ഒരിക്കലും മടങ്ങിവരില്ലെന്ന് അന്വേഷണത്തിനിടെ വിഷബാധയേറ്റ ഹീറോ പോലീസ് ഓഫീസര്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഡിറ്റക്ടീവ് സെര്‍ജന്റ് നിക്ക് ബെയ്‌ലി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി പുറത്തെത്തിയപ്പോഴാണ് ഈ സത്യാവസ്ഥ വെളിപ്പെടുത്തിയത്. തനിക്ക് ഏറ്റ വിഷബാധയും ഗുരുതരമായതിനാല്‍ ജീവിതം ഇനി സാധാരണമാകില്ലെന്നും ഈ 38-കാരന്‍ വ്യക്തമാക്കി. രാസായുധ പ്രയോഗത്തില്‍ നൂറിലധികം പേര്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ ബ്രിട്ടനും റഷ്യയും കൊമ്പുകോര്‍ക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍. 

മാര്‍ച്ച് 4-നാണ് വിഷബാധയേറ്റ സ്‌ക്രിപാലിനെയും, മകള്‍ യൂലിയയെയും സഹായിക്കാന്‍ ബെയ്‌ലി നിയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇതോടെ രാസായുധത്തിന്റെ ആഘാതം പോലീസ് ഓഫീസര്‍ക്കും നേരിടേണ്ടി വന്നു. ആശുപത്രിയില്‍ എത്തിച്ച സമയത്ത് കുറച്ച് നേരം യൂലിയ ബോധം വീണ്ടെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. വില്‍ട്ട്ഷയര്‍ പോലീസ് ചീഫ് കോണ്‍സ്റ്റബിള്‍ കെയര്‍ പ്രിട്ചാര്‍ഡാണ് ബെയ്‌ലി നല്‍കിയ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്. 'എന്റെ സാധാരണ ജീവിതം ഇനി ഇതുവരെ ഉണ്ടായിരുന്നതല്ല. എനിക്കും സാറയ്ക്കും പുതിയ സാധാരണ ജീവിതം കണ്ടെത്തേണ്ടിയിരിക്കുന്നു', ബെയ്‌ലി പറഞ്ഞു. 

അബോധാവസ്ഥയില്‍ കിടക്കുന്ന സ്‌ക്രിപാലിന്റെയും മകളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ ജഡ്ജ് ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. ഇരുവരും സാധാരണ മാനസിക നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് വിലയിരുത്തല്‍. തന്റെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാന്‍ വാക്കുകളില്ലെന്ന് ബെയ്‌ലി കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് വന്നുചേര്‍ന്ന ജനശ്രദ്ധയെക്കുറിച്ച് പോലും ഇപ്പോഴാണ് മനസ്സിലാക്കുന്നത്. എന്റെ കുടുംബത്തെ ഈ അമിതശ്രദ്ധ ബാധിക്കരുത്, എല്ലാവരും അത് മനസ്സിലാക്കണം എന്നുകൂടി പറഞ്ഞാണ് കുറിപ്പ് ബെയ്‌ലി അവസാനിപ്പിച്ചത്. വിഷബാധയേറ്റ സമയം കഠിനമായിരുന്നെങ്കിലും തിരിച്ചുവരവ് നടത്തിയ ഭര്‍ത്താവിനെ ഹീറോയെന്നാണ് ഭാര്യ സാറ വിശേഷിപ്പിച്ചത്. 

ഭര്‍ത്താവിന് ഹീറോയെന്ന വിശേഷണത്തില്‍ താല്‍പര്യമില്ല. പക്ഷെ തനിക്കും മക്കള്‍ക്കും അദ്ദേഹം എന്നും ഹീറോ തന്നെയായിരുന്നുവെന്ന് സാറ കൂട്ടിച്ചേര്‍ത്തു. ബെയ്‌ലിയുടെ ആരോഗ്യനിലയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാലിസ്ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സ്‌ക്യൂട്ടീവ് കാരാ ചാള്‍സ് ബാര്‍ക്‌സ് ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.