ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ആളുകളെ ബന്ദിക്കളാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി. ഒരു ജീവനക്കാരനും, ഉപഭോക്താവും ഇയാളുടെവെടിയേറ്റ് മരിച്ചു. ഫ്രാന്‍സിലെ സൗത്ത് വെസ്റ്റ് പ്രദേശമായ ട്രെബെസില് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ യു സൂപ്പര്‍മാര്‍ക്കറ്റിലാണ് 'അള്ളാഹു അക്ബര്‍' വിളികളുമായി തീവ്രവാദി അതിക്രമിച്ച് കടന്ന് ആളുകളെ ബന്ദിയാക്കിയത്.
ഉപഭോക്താക്കളും, ജീവനക്കാരും ഭയന്ന് പുറത്തേക്ക് ഓടിയെങ്കിലും ഒരു ഇറച്ചവെട്ടുകാരനെയും, ഉപഭോക്താവിനെയും തീവ്രവാദി വെടിവെച്ച് കൊന്നു. ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മൊറോക്കന്‍ വംശജനായ 30 വയസ്സിനടുത്ത് പ്രായമുള്ള വ്യക്തിയാണ് തീവ്രവാദിയെന്ന് പോലീസ് പറഞ്ഞു.
തോക്കുകള്‍ക്ക് പുറമെ കത്തികളും, ഗ്രെനേഡുകളുമായാണ് തീവ്രവാദി ജനങ്ങളെ ബന്ദികളാക്കിയിട്ടുള്ളത്. 2015 പാരീസ് ഐഎസ് തീവ്രവാദി അക്രമണത്തിലെ മുഖ്യപ്രതി സാലാഹ് അബ്ദുസലാമിനെ വിട്ടയയ്ക്കണമെന്നാണ് ഇയാളുടെ ആവശ്യം. മൊറോക്കോ വംശജനായ സാലാഹ് ഇപ്പോള്‍ ഹൈ സെക്യൂരിറ്റി ജയിലില്‍ തടവിലാണ്.
സ്പെഷ്യല്‍ പോലീസ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ് സംഭവം തീവ്രവാദി അക്രമണമാണെന്നും ബന്ദിനാടകം തുടരുകയാണെന്നും വ്യക്തമാക്കി. കര്കാസോണ് നഗരത്തില്‍ ഒരു പോലീസുകാരനെ ഇയാള്‍ വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷമാണ് കാറില്‍ ട്രെബെസില് എത്തിയത്.