CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 48 Seconds Ago
Breaking Now

ഇത് ചതിയന്‍മാരുടെ ടീം; സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റില്‍ പന്ത് കേടുവരുത്തുന്നത് ടിവി ക്യാമറകള്‍ കൈയോടെ പിടികൂടി; കുറ്റസമ്മതം നടത്തി ക്യാപ്റ്റന്‍ സ്മിത്ത്; പുറത്താക്കണമെന്ന് മുറവിളി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഇത് ദുഃഖദിനം എന്നാണ് ബോര്‍ഡ് സിഇഒ ജെയിംസ് സതര്‍ലാന്‍ഡ് കണ്ണീരടക്കിക്കൊണ്ട് പ്രതികരിച്ചത്

ഒന്ന് നേരം വെട്ടിവെളുക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മഹാന്‍മാരുടെ ടീമില്‍ നിന്നും ചതിയന്‍മാരുടെ ടീമായി നാണംകെട്ടിരിക്കുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പന്ത് കേടുവരുത്താനുള്ള ശ്രമങ്ങള്‍ കൈയോടെ പിടിക്കപ്പെട്ടതോടെയാണ് ഓസ്‌ട്രേലിയ കുടുങ്ങിയത്. ബാറ്റ്‌സ്മാന്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് ഒട്ടിക്കുന്ന ടേപ്പ് പോക്കറ്റില്‍ നിന്നെടുത്ത് പന്തില്‍ ഉരയ്ക്കുന്നത് ക്യാമറയുടെ കണ്ണില്‍ കുടുങ്ങുകയായിരുന്നു. അനധികൃതമായി പന്ത് സ്വിംഗ് ചെയ്യിക്കുകയായിരുന്നു ഉദ്ദേശം. സംഗതി പിടിക്കപ്പെട്ടതോടെ മറ്റ് വഴികളില്ലാതെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ചതി നടത്തിയതായി കുറ്റസമ്മതം നടത്തി. ഇതോടെ ക്യാപ്റ്റനെ പുറത്താക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ ആരാധകരും മുന്‍ താരങ്ങളും ആവശ്യപ്പെടുന്നത്. 

കേപ്ടൗണില്‍ നടന്നക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് ഓസ്‌ട്രേലിയയുടെ മാന്യത സകലസീമകളും ലംഘിച്ച് പുറത്തുവന്നത്. താനും, ടീമിലെ മുതിര്‍ന്ന താരങ്ങളും ഉച്ചഭക്ഷണ സമയത്ത് എടുത്ത തീരുമാനപ്രകാരമാണ് ബോള്‍ കേടുവരുത്താന്‍ ശ്രമിച്ചതെന്നും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സ്മിത്ത് സമ്മതിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന പ്രശ്‌നമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ ടീം വഞ്ചന നടപ്പാക്കിയെന്ന വാര്‍ത്ത കേട്ടുണര്‍ന്ന ഓസ്‌ട്രേലിയന്‍ ആരാധകര്‍ ക്യാപ്റ്റനെ പുറത്താക്കണമെന്നാണ് ആവശ്യം ഉന്നയിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഇത് ദുഃഖദിനം എന്നാണ് ബോര്‍ഡ് സിഇഒ ജെയിംസ് സതര്‍ലാന്‍ഡ് കണ്ണീരടക്കിക്കൊണ്ട് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രിറ്റി ഹെഡ്, ടീം പെര്‍ഫോമെന്‍സ് ഹെഡ് എന്നിവരെ ജെയിംസ് സൗത്ത് ആഫ്രിക്കയിലേക്ക് അയച്ചു. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ ആരെയും പുറത്താക്കില്ലെന്ന് സിഇഒ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ടീം ഇത്തരമൊരു കാര്യം ചെയ്യുമ്പോള്‍ നാണക്കേടും, നിരാശയുമാണ് ഉണ്ടാകുന്നതെന്ന് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ പറഞ്ഞു. നാലാം ടെസ്റ്റില്‍ സ്മിത്ത് ഉണ്ടാകണോ വേണ്ടയോ എന്ന് ഐസിസിയും, ഓസ്‌ട്രേലിയന്‍ ബോര്‍ഡും തീരുമാനിക്കണം. 

താന്‍ കണ്ടത് ഒരു ചീത്ത സ്വപ്‌നമാണെന്ന് ആരെങ്കില്‍ ഒന്ന് പറയണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ട്വീറ്റ് ചെയ്തത്. കരിയറിലെ എട്ടാം ടെസ്റ്റിന് ഇറങ്ങിയ 25-കാരനായ ബാന്‍ക്രോഫ്റ്റിനെ കൊണ്ട് ഇമ്മാതിരി പണി ചെയ്യിക്കുന്ന നേതൃത്വമാണ് ഓസ്‌ട്രേലിയക്കെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് നടത്തിയെന്ന് ടീമും, മാനേജ്‌മെന്റും സമ്മതിക്കേണ്ടി വരുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗന്‍ ട്വീറ്റ് ചെയ്തു. ടിവി ക്യാമറകള്‍ പൊക്കുന്നത് ശ്രദ്ധിക്കാതെ ചെയ്ത പണിയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും ക്യാപ്റ്റന്‍ സ്മിത്തിനും നാണക്കേടായത്. 




കൂടുതല്‍വാര്‍ത്തകള്‍.