Breaking Now

ഈ സച്ചിന്‍ നമ്മുടെ ചങ്കാകുന്നത് ഇതുകൊണ്ടൊക്കെയാണ്; കശ്മീരില്‍ നിര്‍മ്മിക്കുന്ന സ്‌കൂളിന് എംപി ഫണ്ടില്‍ നിന്നും 40 ലക്ഷം; പാലക്കാട്-കാസര്‍കോട് സ്‌കൂളുകള്‍ക്കും ധനസഹായം

കേരളത്തിലും എത്തി സച്ചിന്റെ ഫണ്ടുകള്‍. ഇതും ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ക്കല്ല, സ്‌കൂളുകള്‍ക്ക് തന്നെ

എംപി ഫണ്ട് അല്ലെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് സ്‌റ്റോപ്പ് എന്ന് നമ്മുടെ നാട്ടില്‍ പലയിടത്തും ചുമരെഴുത്ത് കാണാം. പത്ത് ലക്ഷം പോയിട്ട് പതിനായിരങ്ങള്‍ ചെലവ് വരാത്ത ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ അനുവദിച്ച് വിഴുങ്ങുന്നത് രാഷ്ട്രീയക്കാരുടെ പതിവ് നടപടിയും. ജനത്തിന്റെ കൈയില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും അനുവദിക്കുന്ന തുക ഒരാവശ്യത്തിന് അനുവദിക്കുമ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേര് കൂടി എഴുതിച്ചേര്‍ക്കാന്‍ ഇവര്‍ക്ക് മടിയുമില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ രാജ്യസഭയില്‍ എത്തിയത് ഒരു രാഷ്ട്രീയക്കാരനായല്ല, അതുകൊണ്ട് അദ്ദേഹം അനുവദിച്ചിട്ടുള്ള ഫണ്ടിന് കുറച്ച് മാന്യത കൂടുതലുമാണ്. 

ക്രിക്കറ്റ് ആരാധകര്‍ക്ക് സച്ചിന്‍ ആരാധനാപാത്രമായത് കളിക്കളത്തിലെ മികവ് കൊണ്ട് മാത്രമായിരുന്നില്ല. കളത്തിന് പുറത്ത് സാധാരണക്കാരനായി താരജാഡകളില്ലാതെ ആളുകള്‍ക്കൊപ്പം നിന്നത് കൊണ്ടുകൂടിയാണ്. ഇപ്പോള്‍ തന്റെ എംപി ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും താരം അനുവദിച്ച ഫണ്ടിലും ആ വ്യത്യസ്തതയുണ്ട്. കാരണം ആ തുകയൊന്നും ചെലവഴിക്കുന്നത് ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിക്കാനല്ല പകരം സ്‌കൂളുകള്‍ക്കായാണ്. നോര്‍ത്ത് കശ്മീരിലെ ബന്ദീപോര ജില്ലയില്‍ നിര്‍മ്മിക്കുന്ന സ്‌കൂളിനായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 

2007-ല്‍ ആരംഭിച്ച ഇംപീരിയല്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അസൗകര്യങ്ങളും കഥ പറഞ്ഞ് സച്ചിന് കത്തയച്ചിരുന്നു. ലഭിക്കുന്ന അനവധി പരാതികളില്‍ ഒന്നായി കണക്കാക്കാതെ ഇതേക്കുറിച്ച് പഠിക്കാനും നടപടി സ്വീകരിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. 10 ക്ലാസ് മുറികള്‍, നാല് ലാബുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ആറ് ടോയ്‌ലറ്റുകള്‍, അസംബ്ലി-പ്രാര്‍ത്ഥനാ ഹാള്‍ എന്നിവയായിരുന്നു സ്‌കൂളിന് ആവശ്യം. മറുപടിയായി ടെണ്ടുല്‍ക്കര്‍ എഴുതി: ' ഈ കത്ത് ലഭിച്ച് 75 ദിവസങ്ങള്‍ക്കുള്ളില്‍ ബാക്കി ആവശ്യമായ ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് അനുമതികള്‍ ലഭ്യമാക്കും, എംപിഎല്‍എഡി സ്‌കീമില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ അനുമതി നല്‍കാനും ആവശ്യപ്പെടുന്നു'. 

ഇതിന് പുറമെ സൗത്ത് മുംബൈയിലെ സേവ്‌രിയിലെ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനും സച്ചിന്‍ ഫണ്ട് അനുവദിച്ചു. കേരളത്തിലും എത്തി സച്ചിന്റെ ഫണ്ടുകള്‍. ഇതും ബസ് കാത്തുനില്‍പ്പ് കേന്ദ്രങ്ങള്‍ക്കല്ല, സ്‌കൂളുകള്‍ക്ക് തന്നെ. കാസര്‍കോട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് സ്‌കൂള്‍ പദ്ധതികള്‍ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംപി ഫണ്ടില്‍ നിന്നും പണം അനുവദിച്ചത്. ഏകദേശം 20 സ്‌കൂളുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഇതുവരെ 7.4 കോടി രൂപയാണ് സച്ചിന്‍ ലഭ്യമാക്കിയിട്ടുള്ളത്.
കൂടുതല്‍വാര്‍ത്തകള്‍.