CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 30 Seconds Ago
Breaking Now

നാട്ടില്‍ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞ ഗര്‍ഭിണി ബ്രിട്ടനില്‍ കുഴഞ്ഞുവീണ് മരിച്ചു; ഗ്ലൗസെസ്റ്ററില്‍ യുവതി മരിച്ചത് ഹൃദയാഘാതം മൂലം; പെണ്‍കുഞ്ഞ് പിറക്കും മുന്‍പ് പേര് കണ്ടുവെച്ച് കാത്തിരുന്ന കുടുംബം ഞെട്ടലില്‍

ഗര്‍ഭം ധരിച്ചത് പെണ്‍കുഞ്ഞിനെ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം

കൂടപ്പിറപ്പുകള്‍ക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍, ഒരു അപകടം നേരിട്ടാല്‍ അത് നേരിട്ട് അറിയാതെ തന്നെ അനുഭവപ്പെടുന്ന പലരുമുണ്ട് നമുക്കിടയില്‍. എന്തെങ്കിലും ഒരു ദുരന്തം അറിയും മുന്‍പ് തന്നെ ആ സമയത്ത് തനിക്ക് തോന്നിയിട്ടുള്ള ബുദ്ധിമുട്ടികളെക്കുറിച്ച് പലരും സംസാരിക്കാറുണ്ട്. നാട്ടില്‍ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം അറിഞ്ഞ സുല്‍ത്താന അക്തര്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഗ്ലൗസെസ്റ്ററില്‍ കുഴഞ്ഞുവീണ രണ്ട് മക്കളുടെ അമ്മ മൂന്നാമത് ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് മരണവാര്‍ത്ത തേടിയെത്തുന്നത്. 

ബംഗ്ലാദേശിലുള്ള സഹോദരന്റെ മരണവാര്‍ത്തയാണ് സുല്‍ത്താനയ്ക്ക് ഒരു ആഘാതമായി തോന്നിയത്. വാര്‍ത്തയറിഞ്ഞ ഗര്‍ഭിണിക്ക് ഹൃദയാഘാതം നേരിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുഴഞ്ഞുവീണ സുല്‍ത്താന രണ്ട് മണിക്കൂര്‍ പിന്നിടും മുന്‍പ് മരണത്തിന് കീഴടങ്ങി. സഹോദരന്റെ മരണവാര്‍ത്ത കേട്ടതിന് ശേഷം ദുഃഖത്തില്‍ ആണ്ടുപോയ യുവതിയെ സമാധാനിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മരണത്തെക്കുറിച്ചുള്ള ഇന്‍ക്വസ്റ്റിലാണ് ദാരുണമായ സംഭവങ്ങളുടെ വിശദവിവരങ്ങള്‍ വെളിപ്പെട്ടത്. 

സംഭവസ്ഥലത്തെത്തിയ മെഡിക്‌സ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വയറ്റിലുള്ള കുഞ്ഞിനെയെങ്കിലും ജീവനോടെ രക്ഷിക്കാനായി ഗ്ലൗസെസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ അടിയന്തര സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞും മരിച്ചു. ഒരു മരണവാര്‍ത്ത തങ്ങളുടെ പ്രിയപ്പെട്ടവളെ കവര്‍ന്നതിന്റെ ദുഃഖത്തില്‍ നിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണ് ഭര്‍ത്താവ് ഫിറൂജ് അലിയും, മക്കളായ 10 വയസ്സുകാരന്‍ നബീലും, 14-കാരന്‍ നഹീദും. ആറ് വര്‍ഷക്കാലത്തെ ശ്രമത്തിനൊടുവിലാണ് ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞിനെ ലഭിക്കാന്‍ വഴിയൊരുങ്ങിയത്. 

തങ്ങള്‍ക്കൊരു അനുജത്തി വേണമെന്ന് മൂത്ത കുട്ടികള്‍ എപ്പോഴും സുല്‍ത്താനയോട് പറയുമായിരുന്നു. ഗര്‍ഭം ധരിച്ചത് പെണ്‍കുഞ്ഞിനെ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. തയീബാ അക്തര്‍ എന്ന പേരും കണ്ടുവെച്ച് റെഡ് വെല്‍വെറ്റ് വസ്ത്രങ്ങളും കുഞ്ഞിനായി വാങ്ങിവെച്ച് കാത്തിരിക്കുമ്പോഴാണ് സഹോദരന്റെ മരണവാര്‍ത്ത അമ്മയുടെയും വയറ്റിലുള്ള കുഞ്ഞിന്റെ അന്ത്യത്തിന് ഇടയാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.