CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 59 Seconds Ago
Breaking Now

24 ആഴ്ച ഗര്‍ഭം ധരിച്ചിരിക്കവെ തലച്ചോറില്‍ അമിത രക്തസ്രാവം; യുവതിയെയും, വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലാന്‍ വന്ന വിധിക്ക് മുന്നില്‍ അത്ഭുതം; 11 മണിക്കൂര്‍ നീണ്ട ഓപ്പറേഷനും, കോമയും കടന്ന് എമ്മ ജന്മം നല്‍കിയത് ആരോഗ്യമുള്ള ആണ്‍കുഞ്ഞിന്!

ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും നഴ്‌സ് കു്ഞ്ഞിനെ കൈമാറിയ നിമിഷം മറക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നു

'ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ പാടില്ലാത്തതാണ്'. എമ്മാ ഹോക്കിംഗ്‌സിനെയും, കുഞ്ഞ് ജോഷ്വ ജേയെയും കുറിച്ച് ഡോക്ടര്‍മാര്‍ ഇങ്ങനൊരു അഭിപ്രായം പറയുമ്പോള്‍ അറിയാം എന്തോ ഒരു അത്ഭുതം സംഭവിച്ചിട്ടുണ്ടെന്ന്. ചിരിക്കുന്ന ഈ രണ്ട് മുഖങ്ങളിലേക്ക് എത്തും മുന്‍പ് വിധിയുമായുള്ള ഒരു പോരാട്ടം പൂര്‍ത്തിയാക്കിയെന്നതാണ് വസ്തുത. 24 ആഴ്ച ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് എമ്മയെ തേടി അപകടം വരുന്നത്. ജോലിക്കിടെ അതിശക്തമായ ഒരു തലവേദന. പക്ഷെ തലച്ചോറില്‍ അമിതരക്തസ്രാവം ആയിരുന്നു ഈ തലവേദനയായി പുറത്തുവന്നത്. യുവതിയെയും വയറ്റിലുള്ള കുഞ്ഞിനെയും കൊല്ലാന്‍ പോന്നതായിരുന്നു ഈ അവസ്ഥ. 

തലപൊട്ടിപ്പൊളിയുന്ന തലവേദനയാണ് ഉണ്ടായത്. ആംബുലന്‍സ് വന്നത് പോലും എനിക്ക് ഓര്‍മ്മയില്ല, ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന എമ്മ വ്യക്തമാക്കുന്നു. റോയല്‍ ഡെര്‍ബി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ യുവതിയുടെ ഭര്‍ത്താവ് ജേയോട് തലച്ചോറില്‍ കനത്ത രക്തസ്രാവം ഉണ്ടായിട്ടുള്ളതായി അറിയിച്ചു. ചിലപ്പോള്‍ സര്‍ജറിക്കിടെ ഇവര്‍ മരിക്കാനും സാധ്യതയുണ്ടെന്നായിരുന്നു ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്. 'എമ്മ ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ കുഞ്ഞ് തീരെ ചെറുതായതിനാല്‍ അവന്റെ സാധ്യതയും കുറവായിരുന്നു. ഭാര്യയും കുഞ്ഞും നഷ്ടപ്പെടുമെന്ന ഭയത്തിലായിരുന്നു ഞാന്‍', ജേ ഓര്‍മ്മിക്കുന്നു. 

പക്ഷെ വിധിക്ക് മറ്റ് ചില പദ്ധതികളാണുണ്ടായിരുന്നത്. 11 മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവില്‍ രക്തസ്രാവം തടയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. പിന്നീട് ഇന്‍ഡ്യൂസ്ഡ് കോമയിലായി. സ്‌കാനിംഗില്‍ കുഞ്ഞിന് കുഴപ്പങ്ങളില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീടുള്ള ഗര്‍ഭകാലം മുഴുവന്‍ ആശുപത്രിയിലായിരുന്നു. കൂടാതെ ഒരു ഓപ്പറേഷനും വിധേയമായി. കുഞ്ഞിന് 37 ആഴ്ച പിന്നിട്ടപ്പോള്‍ സി-സെക്ഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു, സാധാരണ പ്രസവത്തില്‍ തലയ്ക്ക് സമ്മര്‍ദം അനുഭവപ്പെടുമെന്ന ആശങ്കയിലായിരുന്നു ഇത്. അങ്ങനെ ജോഷ്വ പിറന്നുവീണു, പൂര്‍ണ്ണ ആരോഗ്യവാനായ ആ കുഞ്ഞിന് ഇപ്പോള്‍ 17 മാസമായി. 

ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും നഴ്‌സ് കു്ഞ്ഞിനെ കൈമാറിയ നിമിഷം മറക്കില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ഒരു മാസത്തിന് ശേഷം കുടുംബം വീട്ടില്‍ തിരിച്ചെത്തി. തങ്ങളുടെ ജീവന്‍ രക്ഷിച്ച എന്‍എച്ച്എസിനും, ഡോക്ടര്‍മാര്‍ക്കും എങ്ങിനെ നന്ദി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍. 




കൂടുതല്‍വാര്‍ത്തകള്‍.