CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 23 Seconds Ago
Breaking Now

എംപിമാരുടെ ഉപദേശം തള്ളി തെരേസ മേയുടെ പടയൊരുക്കം; യുകെ അന്തര്‍വാഹിനികള്‍ സിറിയയുടെ മിസൈല്‍ പരിധിയില്‍; പ്രധാനമന്ത്രി യുദ്ധ ക്യാബിനറ്റ് വിളിച്ചുചേര്‍ത്ത് പിന്തുണ തേടി; റഷ്യയോടുള്ള കലിപ്പ് അസദിനോട് തീര്‍ക്കാന്‍ ബ്രിട്ടന്‍

പാര്‍ലമെന്റിന്റെ അനുമതി തേടാതെ തന്നെ അക്രമണങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി കാര്യാലയം

സിറിയയില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നേരെ മാരകമായ രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ അവിശ്വാസത്തോടെയാണ് ലോകം കേട്ടത്. അസദ് ഭരണകൂടത്തിന്റെ ക്രൂരതയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍ സഖ്യകക്ഷിയായ ബ്രിട്ടന്‍ ഇക്കുറി കുറച്ച് ശ്രദ്ധയോടെയാണ് കാര്യങ്ങളെ വീക്ഷിച്ചത്. വിഷവാതകം ഉപയോഗിച്ചുവെന്നതിന് തെളിവ് വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യുദ്ധ ക്യാബിനറ്റ് വിളിച്ചുചേര്‍ത്ത മേയ് ബ്രിട്ടന്‍ പടയൊരുക്കം ആരംഭിച്ചതായി വിളംബരം ചെയ്തുകഴിഞ്ഞു. 

കോമണ്‍സിന്റെ അഭിപ്രായം തേടിയ ശേഷമാകാം യുദ്ധമെന്ന ഉപദേശം തള്ളിക്കൊണ്ടാണ് തെരേസ മേയ് സിറിയയില്‍ സൈനിക നടപടിക്ക് തുടക്കമിടുന്നത്. അമേരിക്ക നയിക്കുന്ന അക്രമണത്തില്‍ പങ്കാളിയാകാന്‍ മന്ത്രിമാരുടെ പിന്തുണ തേടിയാണ് പ്രധാനമന്ത്രി ഇവരെ വിളിച്ചുവരുത്തിയത്.

രാസായുധങ്ങള്‍ പ്രയോഗിക്കുന്നവരെ വെറുതെവിടാന്‍ കഴിയില്ലെന്നും നിലവില്‍ ലഭ്യമായിട്ടുള്ള തെളിവുകളെല്ലാം ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് നേര്‍ക്ക് വിരല്‍ചൂണ്ടുകയാണെന്നും ഇവര്‍ വിശദീകരിച്ചു. സിറിയയെ ലക്ഷ്യമാക്കി ബ്രിട്ടീഷ് അന്തര്‍വാഹിനികള്‍ നീങ്ങാന്‍ സൈനിക മേധാവികള്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്. ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ വഹിക്കുന്നതാണ് ഈ അന്തര്‍വാഹിനികള്‍. 

പാര്‍ലമെന്റിന്റെ അനുമതി തേടാതെ തന്നെ അക്രമണങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി കാര്യാലയം സ്ഥിരീകരിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നും ഇക്കാര്യത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. റഷ്യയോട് ഒരുങ്ങിയിരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ പരസ്യമായ ഭീഷണി മുഴക്കിയിരുന്നു. ഗ്യാസ് ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന മൃഗമാണ് പ്രസിഡന്റ് അസദ്, ഇയാള്‍ക്കൊപ്പം നില്‍ക്കരുത്, ട്രംപ് വഌദിമര്‍ പുടിനോട് ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ബ്രിട്ടന് ഇത് റഷ്യക്ക് നല്‍കാന്‍ കഴിയുന്ന തിരിച്ചടി കൂടിയായി മാറുകയാണ്. സാലിസ്ബറി രാസായുധ പ്രയോഗത്തില്‍ നേരിട്ടൊരു യുദ്ധം വിനാശകാരിയാകുമെന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബ്രിട്ടന്‍ അവരുടെ കൂട്ടുകാരായ സിറിയയ്‌ക്കെതിരെ രോഷം തീര്‍ക്കുമ്പോള്‍ കൊട്ട് കൊള്ളുന്നത് റഷ്യയിലാണ്. 

അസദിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ റഷ്യയും, ഇറാനുമാണ്. റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് ബാഷര്‍ അല്‍ അസദിന്റെ സുരക്ഷ. സിറിയയ്ക്ക് നേരെ വരുന്ന മിസൈലുകള്‍ വെടിവെച്ചിടുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ഇതുവരെ എത്തിയ സ്ഥിതിക്ക് ഏത് നിമിഷവും മിസൈലുകള്‍ കുതിക്കാം, പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.