കസ്റ്റഡി മരണങ്ങളുടെ പേരില്‍ പ്രതിഷേധം ശക്തമായിരിക്കേ ലോക്കപ്പ് റൂമുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. 471 സ്റ്റേഷനുകളിലെ ലോക്കപ്പ് റൂമുകളില്‍ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഈ മാസം 16നരം പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്താകെ 527 സ്റ്റേഷനുകളാണുള്ളത്. വനിതകള്‍ മാത്രമുള്ള എട്ട് സ്റ്റേഷനുമുണ്ട്.
സ്റ്റേഷന് ഓഫീസര്‍മാര്‍ ക്യാമറ വാങ്ങിയ ശേഷം ജില്ലാ പോലീസ് മേധാവിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. ഹാര്‍ഡ് ഡിസ്ക് നിറയുമ്പോള്‍ ദൃശ്യങ്ങള്‍ സിഡിയിലാക്കി പകര്‍ത്തി സൂക്ഷിക്കണം. നിലവില്‍ 110 സ്റ്റേഷനുകളില്‍ ക്യാമറയുണ്ട്. ഇതെല്ലാം ലോക്കപ്പിലല്ല. മൂന്നു മാസത്തിനകം 279 സ്റ്റേഷനില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട് .
സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങള്‍ സ്റ്റേഷന് ഓഫീസര്‍ നിശ്ചിത ഇടവേളയില്‍ പരിശോധിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കണം. ദൃശ്യങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിനൊപ്പം മേലുദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് അയക്കാനുമാകും.
പുതിയ ക്യാമറകള്‍ വരുന്നതോടെ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഒഴിവാകുമെന്നാണ് കണക്കുകൂട്ടല്‍ .