Breaking Now

ഈ ഇന്ത്യന്‍ വംശജയെ തേടി രാജകീയ മുദ്ര പതിച്ച ഒരു കവര്‍ എത്തി; തുറന്നുനോക്കിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിപ്പോയി; ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ ഷെഫിന് ഹാരി-മെഗാന്‍ വിവാഹത്തിലേക്ക് ക്ഷണം

ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയ രാജകുടുംബം റോസിയും സ്ഥാപനവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിഞ്ഞിരുന്നു

ഇന്ത്യന്‍ വംശജയായ റോസി ഗിന്‍ഡെ യുകെയിലെ പ്രമുഖ ഷെഫാണ്. സോഷ്യല്‍ എന്റര്‍പ്രണര്‍ കൂടിയായ ഇവരെ തേടി ഒരു ദിവസം ഒരു പാക്കറ്റ് എത്തി. രാജകീയ മുദ്ര പതിഞ്ഞ ആ കവര്‍ തുറക്കും മുന്‍പ് തന്നെ റോസിയുടെ നെഞ്ചിടിപ്പേറി. തുറന്നപ്പോഴാകട്ടെ ആഹ്ലാദത്തിന്റെ കൊടുമുടിയേറി പോയി. വിന്‍ഡ്‌സര്‍ കാസിലില്‍ അടുത്ത മാസം നടക്കുന്ന ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും വിവാഹത്തിനുള്ള ക്ഷണക്കത്തായിരുന്നു ആ കവര്‍.

പഞ്ചാബി മാതാപിതാക്കള്‍ക്ക് യുകെയില്‍ വെച്ചുപിറന്ന റോസി ഗിന്‍ഡെ ഇതോടെ വിവാഹക്ഷണം ലഭിച്ച 1200 സാധാരണക്കാരില്‍ ഒരാളായി മാറി. മിസ് മാക്കറൂണ്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകയാണ് റോസി. ചെറിയ ബിസ്‌കറ്റുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഈ സ്ഥാപനം ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള പരിശീലനം നല്‍കുന്നു.

ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ മാസം സന്ദര്‍ശനം നടത്തിയ രാജകുടുംബം റോസിയും സ്ഥാപനവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിഞ്ഞിരുന്നു. മാക്കറൂണ്‍സ് കൂടി രുചിച്ച ശേഷമാണ് അന്ന് ഇവവര്‍ മടങ്ങിയത്. ഇതിന് ശേഷമാണ് അപ്രതീക്ഷിതമായി വിവാഹത്തിലേക്ക് ക്ഷണം ലഭിക്കുന്നത്.

'ക്ഷണം ലഭിച്ചതില്‍ സന്തോഷത്തിലാണ്. സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ അംഗീകരിക്കാന്‍ ഈ അവസരം വിനിയോഗിച്ച രാജദമ്പതികള്‍ സൂപ്പറാണ്', തന്റെ മാക്കറൂണുകളുമായി ചടങ്ങില്‍ പോകാന്‍ ഉദ്ദേശിക്കുന്ന റോസി പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.