CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Minutes 57 Seconds Ago
Breaking Now

വരാപ്പുഴ കസ്റ്റഡി മരണം ; കൊലക്കുറ്റത്തിന് കേസെടുത്തു ; പോലീസുകാരെ ഉടന്‍ ചോദ്യം ചെയ്യും

സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരേയും ആരോപിതനായ സി.ഐയേയും ചോദ്യം ചെയ്‌തേക്കും.

വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിനിരയായി യുവാവ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റമാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാലാണ് സമര്‍പ്പിച്ചത്. നേരത്തെ സംഭവത്തില്‍ അസ്വഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മര്‍ദിച്ചതാരെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരേയും ആരോപിതനായ സി.ഐയേയും ചോദ്യം ചെയ്‌തേക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്ത ശ്രിജിത്തിനെ മര്‍ദനത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസുകാര്‍ അഡ്മിറ്റാക്കിയതിന് ശേഷം മുങ്ങുകയായിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തതായി ആലുവ റൂറല്‍ എസ്പി അറിയിച്ചിരുന്നു. പൊലീസുകാരായ സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. എസ് ഐക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്ന് റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു.

ശ്രീജിത്തിന്റെ മരണം മര്‍ദനമേറ്റതിനെ തുടര്‍ന്ന് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും മുറിവുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍ണ്ണായക തെളിവാകും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ചികിത്സാ രേഖകളും.

 




കൂടുതല്‍വാര്‍ത്തകള്‍.