Breaking Now

മരണം കാത്തുനിന്നു; 28 ആഴ്ച പ്രായമായ കുഞ്ഞിന് ജന്മം നല്‍കി, ദുഃഖവെള്ളി ദിനത്തില്‍ ആശുപത്രിയില്‍ വെച്ച് വിവാഹവും കഴിച്ചു; ഒടുവില്‍ ക്യാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് പ്രിയപ്പെട്ടവന്റെ കൈകളില്‍ ആ 33-കാരി മരണത്തിന് കീഴടങ്ങി!

ഗര്‍ഭം 24 ആഴ്ച പിന്നിട്ടപ്പോഴേക്കും ആ വേദനിപ്പിക്കുന്ന വാര്‍ത്തയുമായി ഡോക്ടര്‍മാര്‍ എത്തി.

ജീവിതത്തില്‍ ആഗ്രഹങ്ങളില്ലാത്തവര്‍ ആരാണുള്ളത്? ആഗ്രഹങ്ങളാണ് ഒരുപക്ഷെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മനസ്സിലുള്ള മോഹങ്ങള്‍ എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. ചിലര്‍ക്ക് ചില കാര്യങ്ങള്‍ നടന്നുകിട്ടുമ്പോള്‍, മറ്റ് ചിലര്‍ക്ക് ആ മോഹങ്ങള്‍ നിരാശയായി മാറുന്നതും വാസ്തവമാണ്. എന്നാല്‍ ജീവിതം എണ്ണിച്ചുട്ട അപ്പം പോലെ മുന്നോട്ട് വെച്ച ദിവസങ്ങളില്‍ ചെയ്തുതീര്‍ക്കാന്‍ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ട്രേസി കീര്‍സിന് ഉണ്ടായിരുന്നത്. ഒന്ന് വയറ്റിലുള്ള കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കുക. രണ്ട് എന്നും ഒപ്പം നിന്നവനെ വിവാഹം ചെയ്യുക. ഇത് പൂര്‍ത്തിയായാല്‍ ശരീരത്തില്‍ കടന്നുകൂടിയ ക്യാന്‍സറിന് കീഴടങ്ങുക. ഡുര്‍ഹാം യൂണിവേഴ്‌സിറ്റി ജീവനക്കാരി ഇത് രണ്ട് ചെയ്തു ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

രണ്ട് മക്കളുടെ അമ്മയെന്ന ഖ്യാതിയോടെയാണ് 33-ാം വയസ്സില്‍ ട്രേസി മരണത്തിന് കീഴടങ്ങിയത്. പ്രസവിച്ച് ദിവസങ്ങള്‍ കഴിയുമ്പോഴായിരുന്നു മരണം. ഗുരുതരമായ ക്യാന്‍സറുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെയാണ് കുഞ്ഞ് മകള്‍ കൈലയെ 28 ആഴ്ച മാത്രം പ്രായമുള്ളപ്പോള്‍ ട്രേസി പ്രസവിച്ചത്. മാര്‍ച്ച് അവസാനമായിരുന്നു മിഡില്‍സ്ബറോയിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വെച്ച് ട്രേസി തന്റെ ജീവിതത്തിലെ പ്രണയിനി സ്റ്റീവന്റെ കൈപിടിച്ച് ജീവിതസഖിയായത്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട്. 

ഞായറാഴ്ചയാണ് ഭര്‍ത്താവിന്റെ കൈകളില്‍ കിടന്ന് ട്രേസി മരണത്തെ പുല്‍കിയത്. 2016-ലാണ് യുവതിക്ക് സ്തനാര്‍ബുദം ഉള്ളതായി കണ്ടെത്തുന്നതെന്ന് ദിവസങ്ങള്‍ കൊണ്ട് വിഭാര്യനായ 35-കാരന്‍ ഭര്‍ത്താവ് പറയുന്നു. ഇതോടെ മാസെക്ടമിയും, കീമോതെറാപ്പിയും, റേഡിയോതെറാപ്പിക്കും ഇവര്‍ വിധേയമായി. 'ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹത്താല്‍ ഐവിഎഫ് ചികിത്സയില്‍ 13 എഗ്ഗുകള്‍ ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ സ്വാഭാവികമായ രീതിയില്‍ തന്നെ ഗര്‍ഭം ധരിച്ചു', പക്ഷെ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. 

ട്രേസിക്ക് തലവേദനയും, അസുഖങ്ങളും വര്‍ദ്ധിച്ച് വന്നു. ഗര്‍ഭം 24 ആഴ്ച പിന്നിട്ടപ്പോഴേക്കും ആ വേദനിപ്പിക്കുന്ന വാര്‍ത്തയുമായി ഡോക്ടര്‍മാര്‍ എത്തി. ക്യാന്‍സര്‍ തിരിച്ചുവന്നിരിക്കുന്നു ഇക്കുറി ജീവനെടുക്കാന്‍ പാകത്തിന്. മൂന്ന് മുതല്‍ ആറ് മാസം വരെയാണ് ആയുസ്സ് നല്‍കിയത്. പക്ഷെ ഉള്ളിലുള്ള ജീവനെ രക്ഷിക്കാന്‍ ട്രേസി പൊരുതുകയായിരുന്നു. നാലാഴ്ചയ്ക്ക് ശേഷം സ്ഥിതി രൂക്ഷമായതോടെ കുഞ്ഞ് കൈലയെ സിസേറിയനിലൂടെ പുറത്തെത്തിച്ചു. ദുഃഖവെള്ളി ദിനത്തില്‍ ആശുപത്രിയില്‍ വെച്ച് വിവാഹവും നടത്തി. ഒടുവില്‍ പ്രിയപ്പെട്ടവന്റെ കൈകളില്‍ അവള്‍ മരണത്തിലേക്ക് അകന്നുപോയി. 
കൂടുതല്‍വാര്‍ത്തകള്‍.