Breaking Now

വിഷുക്കൈനീട്ടത്തിൽ മുന്നിലെത്തി കവൻട്രി ഹിന്ദു സമാജം ; ആഘോഷത്തിന് താരങ്ങളും , ലളിത സഹസ്രനാമത്തോടെ തുടക്കം

കവൻട്രി   : യുകെ ഹിന്ദു സമാജങ്ങളുടെ സഹകരണത്തിൽ നടന്ന വിഷുക്കൈനീട്ടം പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ ചാരിതാർഥ്യത്തോടെ നാളെ കവൻട്രി ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷം . നൂറിലേറെ പേർക്ക് കൈനീട്ടവും വിഷുക്കണിയും കാണാൻ സൗകര്യം ഒരുക്കിയാണ് മൂന്നാം വര്ഷം വിഷു ആഘോഷിക്കാൻ കവൻട്രി സമാജം തയ്യാറെടുക്കുന്നത് . നാളെ രാവിലെ പതിനൊന്നര മുതൽ ആറു മണി വരെയുള്ള വിവിധ ആധ്യാല്മിക  സാംസ്ക്കാരിക ചടങ്ങുകളോടെ നടക്കുന്ന ആഘോഷത്തിൽ കോമെഡി താരം കലാഭവൻ ദിലീപ് , ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി സുരേഷ് എന്നിവർ അതിഥികളായി എത്തും . പാരമ്പരാഗത ചടങ്ങുകളോടെ ഹൈന്ദവ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ നൽകുന്ന കവൻട്രി ഹിന്ദു സമാജം ചടങ്ങുകൾക്ക് ഹിന്ദു വെൽഫെയർ യുകെ ചെയര്മാന് ടി ഹരിദാസ് , നാഷണൽ  കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നിട്ടുണ്ട്  . 

 

കണിവെള്ളരിയും കൊന്നപ്പൂവും കൈതച്ചക്കയും മാങ്ങയും അടക്കമുള്ള ഫലവര്ഗങ്ങളും വാൽക്കണ്ണാടിയും പുതുവസ്ത്രവും പുരാണ  ഗ്രന്ഥവും ഒക്കെയായി കണി ഒരുക്കി പുതുവർഷത്തെ വരവേൽക്കുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമെന്ന് പ്രോഗാം കോ ഓഡിനേറ്റർ സ്മിത അജികുമാർ അറിയിച്ചു . തുടർന്ന് വനിതാ അംഗങ്ങളുടെ നെത്ര്വതത്തിൽ വിളക്കുപൂജയും ലളിത സഹസ്രനാമ അർച്ചനയും നടക്കും . തുടർന്ന് നാക്കിലയിൽ വിഭവസമൃദമായ വിഷു സദ്യ ഉണ്ടാകും . നാടൻ വിഭവങ്ങൾ ഒരുക്കിയാണ് സദ്യ തയ്യാറാക്കിയിരിക്കുന്നതിനു സദ്യക്ക് ചുക്കാൻ പിടിക്കുന്ന ജെമിനി ദിനേശ് അറിയിച്ചു . നൂറോളം പേരാണ് സദ്യ ഉണ്ണാൻ ഇതുവരെ രെജിസ്ടർ ചെയ്തിരിക്കുന്നത് . 

വിഷു ആഘോഷിക്കുമ്പോൾ അനാഥ ബാല്യങ്ങളുടെ മുഖത്തും ആനന്ദം എത്തിക്കാൻ കവൻട്രി ഹിന്ദു സമാജം നടത്തിയ ശ്രമം യുകെയിലെ മുഴുവൻ സമാജങ്ങൾക്കും മാതൃകയാവുകയാണ് . നെത്ര്വതം ഇല്ലാതെ പ്രവർത്തിക്കുന്ന കവൻട്രി ഹിന്ദു സമാജം 375 പൗണ്ട് സമാഹരിച്ചാണ് ഇന്ന് രാവിലെ ആലുവയിൽ നടന്ന ചടങ്ങിൽ ചൊവാര മാതൃച്ഛായ , തൃക്കാരിയൂർ ബാലഭവൻ എന്നീ അഗതി മന്ദിരങ്ങൾക്കു വിഷുകൈനീട്ടം നൽകിയത് . യുകെ ഹിന്ദു വെൽഫെയർ ഗ്രൂപ്പും നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റെജ്ഉം ചേർന്ന് നടത്തിയ വിഷു അപ്പീലിൽ ഇരു അഗതി മന്ദിരത്തിനും ഓരോ ലക്ഷം രൂപയിലധികം നല്കാൻ സാധിച്ചതിൽ മുൻ നിരയിൽ നിന്നുള്ള പ്രവർത്തനമാണ് കവൻട്രി ഹിന്ദു സമാജം ഏറ്റെടുത്തത് . ഇന്ന് രാവിലെ മാതൃച്ഛായയിൽ നടന്ന ലളിതമായ ചടങ്ങിൽ ഇരു അഗതി മന്ദിരത്തിനും ഹിന്ദു വെൽഫെയർ യുകെ ചെയര്മാന് ടി ഹരിദാസ് തുക കൈമാറി . 

 

നാളെ വിഷു ആഘോഷത്തിൽ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തുന്ന കലാപരിപാടികളിൽ അതിഥികൾ ആയി എത്തുന്ന കലാഭവൻ ദിലീപും ഗായത്രി സുരേഷും കൂടി ചേരുന്നതോടെ നർമ്മവും പാട്ടുമൊക്കെയായി പുതുവർഷത്തിന്റെ ആനന്ദം മുഴുവൻ നിറഞ്ഞൊഴുകും എന്ന പ്രതീക്ഷയാണ് സംഘാടകർക്ക്‌ . കെ ദിനേശ് , ഹരീഷ് നായർ , മഹേഷ് കൃഷണ , സുഭാഷ് നായർ , അനിൽ പിള്ള , സുജിത് , രാജീവ് , രാജശേഖര പിള്ള , അജികുമാർ , സജിത്ത് തുടങ്ങിയവരുടെ നെത്ര്വതത്തിൽ ഏറെക്കുറെ ഒരുക്കങ്ങൾ പൂർത്തിയാക്കി നാളെ വിഷു ആഘോഷത്തിലേക്ക് കാത്തിരിക്കുകയാണ് കവൻട്രി ഹിന്ദു സമാജം അംഗങ്ങൾ . 

 

വിലാസം 

 

risen christ church hall 

 

Wyken Croft, Coventry CV2 3AE 
കൂടുതല്‍വാര്‍ത്തകള്‍.