CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes Ago
Breaking Now

കാത്തിരുന്ന് മടുത്ത രോഗികള്‍ അക്രമകാരികളാകുന്നു; എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് നേരെ പ്രതിദിനം നടക്കുന്നത് 200 അക്രമങ്ങള്‍; ഒരു വര്‍ഷം കൊണ്ട് 10% വര്‍ദ്ധനവ്; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് ഇടികൊള്ളുന്നത് ജോലിക്കാര്‍

കാത്തിരിപ്പിന്റെ സമയം കൂടുംതോറും അക്രമങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതാണ് സാഹചര്യമെന്ന് പ്രചാരകര്‍ ഓര്‍മ്മിപ്പിക്കുന്നു

എന്‍എച്ച്എസിന്റെ തിരക്കേറിയ ഒരു ആശുപത്രിയില്‍ ചെല്ലുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു രോഗിയുടെ മാനസികാവസ്ഥ എന്തായിരിക്കും? എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കുക എന്നത് തന്നെ. അവന്റെ വേദനയും, വിഷമവും മനസ്സിലാക്കി അതിവേഗം ചികിത്സ ആരംഭിക്കാന്‍ പക്ഷെ എന്‍എച്ച്എസ് ആശുപത്രികളിലെ നിലവിലുള്ള അവസ്ഥ സമ്മതിക്കില്ല. മുന്നിലുള്ള ക്യൂ അത്രയും വലുതുമാകും. ഇതോടെ കാത്തിരിക്കുന്ന രോഗികളില്‍ ചിലരെങ്കിലും അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. പക്ഷെ അതിന്റെ രോഷം മുഴുവന്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്‍എച്ച്എസിലെ ജീവനക്കാരാണ്. 

ഒരു വര്‍ഷത്തിനിടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാത്തിരുന്ന് മടുക്കുന്നതാണ് ഒരു പരിധി വരെ ഇതിന്റെ കാരണം. 2016-17 കാലത്ത് ആരോഗ്യ ജീവനക്കാര്‍ക്ക് നേരെ പ്രതിദിനം അരങ്ങേറിയ അക്രമങ്ങളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ദിവസത്തില്‍ 200 എണ്ണം വരെയാണത്രേ അക്രമങ്ങള്‍. വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടുതലുള്ള ആശുപത്രികളിലും, എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നത്. 

യൂണിയനായ യൂണിഷന്‍, ഹെല്‍ത്ത് സര്‍വ്വീസ് ജേണല്‍ എച്ച്എസ്‌ജെ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് വെളിച്ചം വീശുന്ന വിവരം നല്‍കിയത്. കാത്തിരിപ്പിന്റെ സമയം കൂടുംതോറും അക്രമങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതാണ് സാഹചര്യമെന്ന് പ്രചാരകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലാണ് അക്രമം നടക്കുന്നതെന്ന് യൂണിഷിലെ സാറ ഗോര്‍ട്ടന്‍ വ്യക്തമാക്കി. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്, ഏകദേശം 19,000 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

തെരഞ്ഞെടുക്കപ്പെട്ട ചികിത്സകള്‍ക്കായി പത്തിലൊരു രോഗി വീതം 18 ആഴ്ചയിലധികം കാത്തിരിക്കേണ്ടി വന്ന ആശുപത്രികളില്‍ അക്രമങ്ങളുടെ തോത് 36% വര്‍ദ്ധിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണക്കുറവ് ഇതില്‍ വലിയൊരു ഘടകമായാണ് വിലയിരുത്തുന്നത്. ജോലി ചെയ്ത് ക്ഷീണിച്ച ജീവനക്കാര്‍ക്ക് ഈ അക്രമങ്ങള്‍ സഹിക്കാതെ തരമില്ലാതാവുകയാണ്.   




കൂടുതല്‍വാര്‍ത്തകള്‍.