CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 31 Seconds Ago
Breaking Now

ഈ വനിതാ പൈലറ്റിന് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്; 32,000 അടി മുകളില്‍ പറന്ന വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; ജനല്‍ച്ചില്ല് തകര്‍ത്ത് എഞ്ചിന്‍ വലിച്ചെടുത്ത യാത്രക്കാരിയെ സഹയാത്രികര്‍ തിരികെ കയറ്റി; ഒരാള്‍ മരിച്ചു, 100 പേരെ രക്ഷിച്ചത് പൈലറ്റിന്റെ ധൈര്യം!

യുഎസ് നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റുമാരില്‍ ഒരാളായ ഷള്‍ട്‌സ്, എഫ്-18 പറപ്പിച്ച ആദ്യ വനിതയാണ്

ചില പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ നിലവിളിച്ച് ആശങ്കപ്പെട്ട് സമയം ചെലവഴിക്കാന്‍ ബാക്കി കാണില്ല. മുന്നിലുള്ള ഏതാനും നിമിഷങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളാകും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിലേക്ക് നയിക്കുക. മുന്‍ നേവി പൈലറ്റായിരുന്ന ടാമി ജോ ഷള്‍ട്‌സ് പറത്തിയിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-700 വിമാനത്തിന്റെ എഞ്ചിനാണ് 32,000 അടി മുകളില്‍ പറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നും ഡല്ലാസിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ വിമാനത്തിന്റെ ചില്ല് തകര്‍ന്ന് എഞ്ചിന്‍ ഒരു യാത്രക്കാരിയെ പുറത്തേക്ക് വലിച്ചെടുത്തു. സഹയാത്രികര്‍ ഇവരെ പിടിച്ചുവലിച്ച് അകത്തേക്ക് കയറ്റിയെങ്കിലും ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ മറ്റ് നൂറ് യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാനുള്ള ചങ്കുറപ്പോടെയാണ് പൈലറ്റ് ടാമി ജോ ഷള്‍ട്‌സ് വിമാനം പറത്തിയത്. അപകടം ഉണ്ടായിട്ടും അതൊരു ദുരന്തമായി മാറാതെ വിമാനം ഫില്‍ഡെല്‍ഫിയ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ വ്യക്തമാക്കി. ആല്‍ബെക്കുര്‍ക്ക് സ്വദേശിനി ജെന്നിഫര്‍ റിയോര്‍ഡനാണ് കൊല്ലപ്പെട്ടത്. വിമാനത്തിന് പുറത്തേക്ക് പൊട്ടിയ ജനലിലൂടെ വലിച്ചെടുക്കപ്പെട്ട സ്ത്രീ തന്നെയാണോ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം വന്നിട്ടില്ല. മറ്റ് യാത്രക്കാരാണ് ഇവരെ പുറത്തേക്ക് പോകാതെ വലിച്ച് തിരികെ സീറ്റില്‍ ഇരുത്തിയത്. വിമാനത്തിന്റെ ഒരു ഭാഗം നഷ്ടമായെന്നാണ് ഷള്‍ട്‌സ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത്. 

വിമാനത്തില്‍ ഒരു തുള വീണതായും, ഇതുവഴി ഒരാളെ പുറത്തേക്ക് വലിച്ചതായും പൈലറ്റ് അറിയിച്ചു. ലാന്‍ഡിംഗ് നടത്തുന്ന ഉടന്‍ മെഡിക്കല്‍ സ്റ്റാഫ് തയ്യാറായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ വനിതാ പൈലറ്റിനെ അഭിനന്ദിക്കാന്‍ എല്ലാവരും എത്തി. ഓരോ വ്യക്തികളോടും വ്യക്തിഗതമായി സംസാരിച്ച് ആശ്വസിപ്പിക്കാനും ഷള്‍ട്‌സ് തയ്യാറായി. ഈ പൈലറ്റാണ് യഥാര്‍ത്ഥ അമേരിക്കന്‍ ഹീറോയെന്ന് ഒരു യാത്രക്കാരി കുറിച്ചു. അവരുടെ അറിവും, നിര്‍ദ്ദേശവും, ധൈര്യവും പ്രകടിപ്പിച്ച ആ നിമിഷങ്ങള്‍ക്ക് നന്ദി. അവരെയും, മറ്റ് വിമാന ജീവനക്കാരെയും ദൈവം അനുഗ്രഹിക്കട്ടെ, യാത്രക്കാരി ഡയാന മക്‌ബ്രൈഡ് പറഞ്ഞു. 

യുഎസ് നേവിയിലെ ആദ്യത്തെ വനിതാ പൈലറ്റുമാരില്‍ ഒരാളായ ഷള്‍ട്‌സ്, എഫ്-18 പറപ്പിച്ച ആദ്യ വനിതയാണ്. യുദ്ധത്തിന് ഇറങ്ങാന്‍ സ്ത്രീകളെ അനുവദിക്കാതിരുന്ന നേവിയില്‍ നിന്നും 93ല്‍ രാജിവെച്ചാണ് ഇവര്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ എത്തിയത്. രണ്ട് മക്കളുടെ അമ്മയായ ഷള്‍ട്‌സിന്റെ ഭര്‍ത്താവും പൈലറ്റാണ്. ആകാശത്ത് വെച്ചുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ക്കാണ് പരുക്കേറ്റത്. ജനലിലൂടെ പുറത്തേക്ക് പറന്ന സ്ത്രീയെ സഹയാത്രികര്‍ 12 മിനിറ്റോളം, അതായത് വിമാനം നിലത്തിറങ്ങും വരെ പിടിച്ചുനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.