തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്തെന്ന് ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടിയിങ്ങനെ.. വിമര്‍ശനങ്ങളാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ് വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ടുള്ള മോദിയുടെ മറുപടി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന 'ഭാരത് കേ ബാത്, സബ്കേ സാത്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി എനിക്ക് പ്രത്യേക തരം ആഹാരക്രമം ഉണ്ട്. നിത്യവും 2 കിലോ വരെ ചീത്തവിളികള്‍ എനിക്ക് കിട്ടുന്നു. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം, മോദി പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെ സദസ്സ് സ്വീകരിച്ചത്.
വിമര്‍ശനങ്ങളാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. വിമര്‍ശനങ്ങള്‍ തുടരണം, അത് നമ്മെ എപ്പോഴൂം ജാഗരൂകരായിക്കാന് സഹായിക്കും. പക്ഷെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ആരോപണങ്ങളായി തരംതാഴ്ന്നിരിക്കുന്നു, മോദി പറഞ്ഞു.