CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 7 Seconds Ago
Breaking Now

12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് മദ്യപിച്ച് ലക്കുകെട്ട് പൈലറ്റിന്റെ നാവ് കുഴഞ്ഞു; 300 യാത്രക്കാരുടെയും തങ്ങളുടെയും ജീവന്‍ ഭയന്ന് 999ല്‍ വിളിച്ചു; പോലീസ് വിലങ്ങുവെച്ച പൈലറ്റ് വലിച്ച് കയറ്റിയത് നാലിരട്ടി മദ്യം; ഗാറ്റ്‌വിക്കില്‍ ബിഎ പൈലറ്റിന്റെ അഭ്യാസം

ദീര്‍ഘകാലമായി ബ്രിട്ടീഷ് എയര്‍വേസ് ഫസ്റ്റ് ഓഫീസറായി സേവനം നല്‍കിവരുന്ന ജൂലിയന്‍ മദ്യപിച്ച് ലക്കുകെട്ടാണ് കോക്പിറ്റില്‍ എത്തിയത്

കഴിഞ്ഞ ദിവസമാണ് 32000 അടി മുകളില്‍ പറന്ന വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നിട്ടും ഒരു വനിതാ പൈലറ്റ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ബോയിംഗ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബാക്കിയുള്ളവരെയെല്ലാം ജീവനോടെ നിലത്തിറക്കാന്‍ അവര്‍ക്ക് സാധിച്ചത് സുബോധത്തോടെ, ധൈര്യത്തോടെ കോക്പിറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്. എന്നാല്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനം പറത്താന്‍ എത്തിയ പൈലറ്റിന്റെ കാലുകള്‍ നിലത്തുറയ്ക്കാതെ നാവ് കുഴയുന്ന അവസ്ഥയിലാണ് സ്ഥലത്തെത്തിയത്. തങ്ങളുടെയും 300 യാത്രക്കാരുടെയും ജീവന്‍ ആശങ്കയിലാഴ്ത്തിയ സംഭവം ജീവനക്കാര്‍ 999-ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

മൗറീഷ്യസിലേക്ക് 12 മണിക്കൂര്‍ യാത്ര ചെയ്യേണ്ട ബോയിംഗ് 777 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. 49-കാരനായ ജൂലിയന്‍ മൊണാഗനായിരുന്നു പൈലറ്റ്. പക്ഷെ ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സായുധ പോലീസ് കോക്പിറ്റില്‍ നിന്നും വിലങ്ങണിയിച്ചാണ് പൈലറ്റിനെ പുറത്തെത്തിച്ചത്. ടേക്ക് ഓഫിന് ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കവെയായിരുന്നു അറസ്റ്റ്. ജൂലിയന്റെ രക്തത്തില്‍ പരിധിയുടെ നാലിരട്ടി അധികം മദ്യം അകത്തുചെന്നിരുന്നതായാണ് തെളിഞ്ഞത്. 

ദീര്‍ഘകാലമായി ബ്രിട്ടീഷ് എയര്‍വേസ് ഫസ്റ്റ് ഓഫീസറായി സേവനം നല്‍കിവരുന്ന ജൂലിയന്‍ സംഭവദിവസം മദ്യപിച്ച് ലക്കുകെട്ടാണ് കോക്പിറ്റില്‍ എത്തിയത്. ഭയചകിതരായ എയര്‍ഹോസ്റ്റസുമാര്‍ വിമാനം ഡിപാര്‍ച്ചര്‍ ഗേറ്റ് വിടും മുന്‍പ് പോലീസില്‍ വിവരം അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സായുധ പോലീസ് വിമാനത്തില്‍ കയറിയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്തത്. ഇതോടെ രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം യാത്ര പുനരാരംഭിച്ചത്. പൈലറ്റിനെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ യാത്രക്കാര്‍ വാപൊളിച്ച് ഇരുന്ന് പോയെന്നാണ് കേള്‍വി. വിമാനം പറത്തി വല്ല അപകടവും സംഭവിച്ചിരുന്നെങ്കിലോ എന്നാണ് ഇവരുടെ ചോദ്യം. 

പരിധി ലംഘിച്ച മദ്യപാനത്തില്‍ പൈലറ്റിനെതിരെ കുറ്റം ചുമത്തുമെന്ന് സസെക്‌സ് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ക്രോളി മജിസ്‌ട്രേറ്റ്‌സ് കോടതി മുന്‍പാകെ ഹാജരാകണം. സംഭവം അതീവഗുരുതരമായി കാണുന്നുവെന്ന് വ്യക്തമാക്കിയ ബ്രിട്ടീഷ് എയര്‍വേസ് ജൂലിയന്‍ മൊണാഗന്‍ തങ്ങള്‍ക്കൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.