CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 37 Seconds Ago
Breaking Now

പോളിംഗ് സ്‌റ്റേഷനില്‍ വോട്ടര്‍ ഐഡി പരിശോധന വിവാദത്തില്‍; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തനിമുഖം പുറത്തെന്ന് ആരോപണം; വംശീയ ന്യൂനപക്ഷങ്ങളെ വോട്ടിംഗില്‍ നിന്നും അകറ്റുമെന്ന് മനുഷ്യാവകാശ നിരീക്ഷകരുടെ മുന്നറിയിപ്പ്; കുടിയേറ്റക്കാര്‍ രണ്ടാം തരം പൗരന്‍മാരാകുമോ?

വോട്ടര്‍ ഐഡി തട്ടിപ്പുകള്‍ കുറവാണെന്നിരിക്കെ ഈ പദ്ധതി നിര്‍ബന്ധം പിടിച്ച് നടപ്പാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് താരതമ്യേന കുറവുള്ള രാജ്യമാണ് ബ്രിട്ടന്‍. എന്നിരുന്നാലും പോളിംഗ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാരുടെ ഐഡി പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ വരുന്ന മെയ് 3ന് നടക്കുന്ന ലോക്കല്‍ ഇലക്ഷന്‍ മുതല്‍ ഈ നയം ഭാഗികമായി നടപ്പാക്കും. എന്നാല്‍ വംശീയപരമായി ചില വിഭാഗങ്ങളെ വോട്ടെടുപ്പില്‍ നിന്നും അകറ്റനിര്‍ത്താന്‍ ഈ പരിശോധന ഇടയാക്കുമെന്നാണ് ആരോപണം ഉയരുന്നത്. വംശീയ ന്യൂനപക്ഷങ്ങളെ പോളിംഗ് സ്‌റ്റേഷനില്‍ നിന്നും അകറ്റാനാണ് കണ്‍സര്‍വേറ്റീവുകളുടെ പദ്ധതി സഹായിക്കുകയെന്നും ആരോപിക്കപ്പെടുന്നു. 

വോട്ടര്‍ ഐഡി തട്ടിപ്പുകള്‍ കുറവാണെന്നിരിക്കെ ഈ പദ്ധതി നിര്‍ബന്ധം പിടിച്ച് നടപ്പാക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഈ നിര്‍ബന്ധം വംശീയ ന്യൂനപക്ഷങ്ങളെ ബാധിക്കുമെന്നാണ് ഇക്വാളിറ്റീസ് & ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ക്യാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ് അയച്ച കത്തില്‍ നല്‍കുന്ന മുന്നറിയിപ്പ്. നിയമപരമായി ബ്രിട്ടനില്‍ താമസിക്കുന്ന പാസ്‌പോര്‍ട്ടും, ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാത്ത ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. 

വിന്‍ഡ്‌റഷ് തലമുറ ബ്രിട്ടനില്‍ ആരോഗ്യ സേവനങ്ങളും, മറ്റ് സൗകര്യങ്ങളും നേടുന്നതില്‍ പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 1940-കള്‍ മുതല്‍ 1970 വരെയുള്ള കാലത്ത് കരീബിയന്‍ ദ്വീപുകളില്‍ നിന്നും എത്തിയ ജനവിഭാഗമാണ് വിന്‍ഡ്‌റഷ്. അവരുടെ സ്റ്റാറ്റസിനെക്കുറിച്ച് രേഖകള്‍ ഇല്ലെങ്കിലും പുതിയ നിയമങ്ങള്‍ ഇതിന് വിരുദ്ധമായ നിലപാട് മുന്നോട്ട് വെച്ചതോടെ ഇവരുടെ ജീവിതം ദുസ്സഹമായി. എന്നാല്‍ വോട്ടര്‍ ഐഡി ചെക്കിംഗ് കുടിയേറ്റക്കാരെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആരോപിച്ചു. 

കറുത്തവരും, വംശീയ ന്യൂനപക്ഷങ്ങളും ഈ പരിശോധന മൂലം ഒറ്റപ്പെടല്‍ നേരിടും, ബ്രിട്ടനെ വീടായി സ്വീകരിച്ച ഇവരെ രണ്ടാം തരം പൗരന്‍മാരാക്കാന്‍ മാത്രമാണ് ഈ നടപടി ഉപകരിക്കുക, കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. ബ്രിക്‌സിറ്റ് നടപടികള്‍ ഊര്‍ജ്ജിതമാകുമ്പോള്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന ആരോപണങ്ങളാണ് ഇതോടെ ശക്തിയാര്‍ജ്ജിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.