CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 21 Minutes 42 Seconds Ago
Breaking Now

തോല്‍വി ഏറ്റുവാങ്ങാന്‍ തെരേസ മേയുടെ ജീവിതം വീണ്ടും ബാക്കി; യൂറോപ്യന്‍ യൂണിയന്‍ അവകാശങ്ങള്‍ ബ്രിട്ടീഷ് നിയമത്തിന്റെ ഭാഗമായി തുടരും; ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബ്രക്‌സിറ്റ് ബില്‍ ചര്‍ച്ചയില്‍ സര്‍ക്കാരിന് വീണ്ടും പരാജയം

ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ തീരുമാനങ്ങള്‍ തൃപ്തികരമല്ലെന്ന് ബ്രക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ബ്രക്‌സിറ്റ് ബില്ലില്‍ തെരേസ മേയ് സര്‍ക്കാരിന് വീണ്ടും നാണക്കേട് സമ്മാനിച്ച് ഹൗസ് ഓഫ് ലോര്‍ഡ് അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടര്‍ അനുസരിച്ചുള്ള അവകാശങ്ങള്‍ ബ്രക്‌സിറ്റിന് ശേഷവും ബ്രിട്ടീഷ് നിയമങ്ങളുടെ ഭാഗമായി തുടരുമെന്നാണ് പിയേഴ്‌സ് തീരുമാനിച്ച് കളഞ്ഞത്.

245-നെതിരെ 316 വോട്ടുകള്‍ക്കാണ് 2019ന് ശേഷവും അടിസ്ഥാന അവകാശങ്ങള്‍ രാജ്യത്ത് നിലനില്‍ക്കണമെന്ന നിബന്ധന ഇവര്‍ പാസാക്കിയെടുത്തത്. ഇതിന് തൊട്ടുപിന്നാലെ ഇയു നിയമങ്ങളെ യുകെ കോടതികളില്‍ എങ്ങിനെ നേരിടുമെന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്ക് അവകാശം ഇല്ലാതാക്കാനുള്ള നീക്കത്തെയും ഇവര്‍ പിന്തുണച്ചു. 

ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റ് ബില്ലില്‍ ഇവിടെ നിന്നും പല തവണ പരാജയം രുചിക്കേണ്ടി വന്നു. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള സാധ്യതകള്‍ക്കും, ഇയു തൊഴിലാളികളുടെ സംരക്ഷണത്തിനുമുള്ള ഭേദഗതികളും പിയേഴ്‌സ് വോട്ടിനിട്ട് പാസാക്കിയിരുന്നു.

ചില പ്രധാനപ്പെട്ട ഇയു അവകാശങ്ങള്‍ പൊടുന്നനെ പിന്‍വലിക്കപ്പെട്ടാല്‍ ബ്രക്‌സിറ്റിന് ശേഷം ആശയക്കുഴപ്പത്തിന് സാധ്യതയുണ്ടെന്നാണ് ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വെച്ച ലോര്‍ഡ് പാനിക് അവകാശപ്പെട്ടത്. മന്ത്രിമാര്‍ സ്ഥാപിത താല്‍പര്യങ്ങളോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

എന്നാല്‍ ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെതിരെ റിമെയിനര്‍ ക്യാംപില്‍ നിന്നുമുള്ള മുന്‍ സുപ്രീംകോടതി ജസ്റ്റിസും, സ്വതന്ത്ര ക്രോസ്‌ബെഞ്ച് പിയറുമായ ലോര്‍ഡ് ബ്രൗണ്‍ രംഗത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുകയും അവരുടെ നിയമങ്ങള്‍ യുകെ നിയമങ്ങളുടെ ഭാഗമായി പിന്തുടരുകയും ചെയ്യുന്നത് ഏറ്റവും മോശമായ കാര്യങ്ങളില്‍ ഒന്നാണ്, അദ്ദേഹം പറഞ്ഞു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരാജയപ്പെട്ട ചാര്‍ട്ടര്‍ ബ്രിട്ടനില്‍ വേണമെന്ന് വാശിപിടിക്കുന്നത് എന്തിനെന്നായിരുന്നു ബരോണസ് ഡീച്ചിന്റെ സംശയം. ഇതിന്റെ പേരില്‍ വോട്ടിനിട്ട് വിജയിക്കുന്നത് രാജ്യത്തെ ജഡ്ജിമാരിലും, പാര്‍ലമെന്റിലും വിശ്വാസമില്ലെന്ന സൂചനയാണ് നല്‍കുക, അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ തീരുമാനങ്ങള്‍ തൃപ്തികരമല്ലെന്ന് ബ്രക്‌സിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇനി ബില്‍ കോമണ്‍സിലേക്ക് വരുമ്പോള്‍ കാണാമെന്നും അവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.