CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 31 Seconds Ago
Breaking Now

ഇതാ ഞങ്ങളുടെ മൂന്നാമത്തെ തലവേദന; കുഞ്ഞ് രാജകുമാരനുമായി കെയ്റ്റ് ജനങ്ങള്‍ക്ക് മുന്നിലേക്ക്; അഭിമാനത്തോടെ വില്ല്യം; കുഞ്ഞും അമ്മയും പ്രസവനടപടികള്‍ പൂര്‍ത്തിയാക്കി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങി; ബ്രിട്ടന്‍ ആഘോഷത്തില്‍

സെന്റ് ജോര്‍ജ്ജ് ദിനത്തില്‍ പിറന്നുവീണ കുഞ്ഞിനെ അഭിമാനത്തോടെയാണ് മാതാപിതാക്കള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്

രാജകുടുംബത്തിലെ പുതിയ അതിഥിയെ ഒരുനോക്ക് കാണാനായി കാത്തുനിന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് ചുവന്ന വസ്ത്രമണിഞ്ഞ് ആ അമ്മയെത്തി. കൈയില്‍ പൊതിഞ്ഞുപിടിച്ച തുണിക്കുള്ളില്‍ ആ കൊച്ച് രാജകുമാരന്‍ കണ്ണടച്ചിരുന്നു, തന്നെ കാണാന്‍ എത്തിയവരാണ് ചുറ്റുമുള്ളതെന്നും, മിന്നുന്ന ഫഌഷുകളും, ക്യാമറ കണ്ണുകളും തന്നിലേക്കാണ് സൂം ചെയ്യുന്നതെന്ന് അവന്‍ തിരിച്ചറിഞ്ഞില്ല. ഈ ഭൂമിയിലേക്ക് പിറന്നുവീണ് മണിക്കൂറുകള്‍ പിന്നിടും മുന്‍പാണ് കുഞ്ഞ് രാജകുമാരനുമായി കെയ്റ്റും, വില്ല്യം രാജകുമാരനും ലണ്ടന്‍ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെത്തിയത്. 

ആശുപത്രിയിലെ ലിന്‍ഡോ വിംഗില്‍ 11 മണിയോടെയായിരുന്നു പ്രസവം. പ്രസവവേദന ആരംഭിച്ചതോടെ രാവിലെ 6 മണിക്ക് കാറില്‍ ആശുപത്രിയിലെത്തിയ കെയ്റ്റ് അഞ്ച് മണിക്കൂറിന് ശേഷം കുഞ്ഞ് രാജകുമാരന് ജന്മം നല്‍കി. വൈകുന്നേരം 6 മണിക്കാണ് കാത്തുനിന്ന ജനക്കൂട്ടത്തിന് മുന്നിലേക്ക് കുഞ്ഞുമായി കേംബ്രിഡ്ജ് ഡച്ചസും, ഡ്യൂക്കും എത്തിയത്. ഇതിന് ശേഷം കുടുംബം കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് മടങ്ങി. അനുജന്‍ പിറന്നതിന്റെ ആഹ്ലാദത്തിലാണ് ഷാര്‍ലെറ്റ് രാജകുമാരിയും, ജോര്‍ജ്ജ് രാജകുമാരനുമെന്ന് വില്ല്യം വ്യക്തമാക്കി.

രാജപദവിയിലേക്കുള്ള അഞ്ചാമനായ കുഞ്ഞിന്റെ പേര് ഉടന്‍ തന്നെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെയും, കെയ്റ്റിന്റെയും തലവേദന ഇനി മൂന്നിരട്ടിയാണെന്നും അദ്ദേഹം തമാശയായി പറഞ്ഞു. 

സെന്റ് ജോര്‍ജ്ജ് ദിനത്തില്‍ പിറന്നുവീണ കുഞ്ഞിനെ അഭിമാനത്തോടെയാണ് മാതാപിതാക്കള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. കുഞ്ഞിനെ പുറത്തെ തണുപ്പ് ബാധിക്കുമോയെന്ന ആശങ്കയോടെയാണ് കെയ്റ്റ് ആശുപത്രിക്ക് പുറത്തേക്ക് എത്തിയത്. സ്‌കൂള്‍ യൂണിഫോമിലാണ് കുഞ്ഞുവാവയെ കാണാന്‍ ചേട്ടനും, ചേച്ചിയും ആശുപത്രിയില്‍ എത്തിയത്. പ്രസവസമയത്ത് വില്ല്യം കെയ്റ്റിനൊപ്പമുണ്ടായിരുന്നു. കെയ്റ്റിനും കുഞ്ഞിനും ലഭ്യമാക്കിയ ചികിത്സയ്ക്കും, സഹായങ്ങള്‍ക്കും ആശുപത്രി ജീവനക്കാരെ രാജ്ഞി നന്ദി അറിയിച്ചു. 

കുഞ്ഞിനെ കാണാന്‍ മറ്റ് രാജകീയ അതിഥികളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയില്ല. ഇവരെല്ലാം കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ച് കുഞ്ഞിനെ കാണുമെന്നാണ് റിപ്പോര്‍ട്ട്. പ്രസവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കി ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.