CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 48 Seconds Ago
Breaking Now

ഇല്ല, നീതിയും നിയമവും കണ്ണുതുറന്നില്ല; മകനെ മരണത്തിലേക്ക് ആനയിക്കാന്‍ ഒരുങ്ങി ആ മാതാപിതാക്കള്‍; അവസാനദിനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആല്‍ഫിയുടെ പിതാവ് ആല്‍ഡര്‍ ഹേ ആശുപത്രി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി; വത്തിക്കാനില്‍ മെഴുകുതിരി പ്രാര്‍ത്ഥന

വാര്‍സോവിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിലും മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടന്നു

സ്‌നേഹവും, നിയമവും തമ്മിലുള്ള പോരാട്ടത്തില്‍ സ്‌നേഹം തോറ്റു, നിയമം വിജയിച്ചു. തലച്ചോറിന് വൈകല്യങ്ങള്‍ മൂലം ജീവന് വേണ്ടിയുള്ള പോരാട്ടം നടത്തിയിരുന്ന ആല്‍ഫി ഇവാന്‍സ് എന്ന 23 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നതാണ് നല്ലതെന്ന് കോടതി തീരുമാനിച്ചപ്പോള്‍ തോറ്റത് സ്‌നേഹം തന്നെയാണ്. തങ്ങളുടെ മകനെ ഈ ലോകത്ത് ജീവനോടെ നിലനിര്‍ത്താന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകാന്‍ തയ്യാറായ മാതാപിതാക്കളാണ് തോറ്റുപോയത്. കുഞ്ഞിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ അപരിചിതരാണ് തോറ്റുപോയത്. ആല്‍ഫിയെ ചികിത്സിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് സഹായഹസ്തവുമായി എത്തിയ സുമനസ്സുകളാണ് തോറ്റത്.

തോല്‍വികള്‍ പല വഴിയിലൂടെ ഏറ്റുവാങ്ങിയപ്പോള്‍ കുഞ്ഞിനെ റോമിലേക്ക് കൊണ്ടുപോകാനുള്ള അവസാനഘട്ട അപ്പീലും ജഡ്ജിമാര്‍ തള്ളിക്കളഞ്ഞു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍ തിങ്കളാഴ്ച രാത്രി നീക്കം ചെയ്തിരുന്നു.

ഇപ്പോഴും മരണത്തിലേക്ക് യാത്രയാകാതെ ജീവന്റെ കച്ചിത്തുമ്പില്‍ ആ കുഞ്ഞ് തൂങ്ങിക്കിടക്കുമ്പോഴും രക്ഷിക്കാന്‍ ഒരു അവസരമുണ്ടെങ്കില്‍ അത് അങ്ങിനെ ആകട്ടെ എന്ന് ചിന്തിക്കാന്‍ നിയമത്തിനും നീതിക്കും സാധിക്കാതെ പോയി. കുഞ്ഞിനെ സമാധാനത്തോടെ മരിക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ചര്‍ച്ചകളിലാണ് ആല്‍ഫിയുടെ പിതാവ് ടോമും, ആശുപത്രി അധികൃതരും.

ഇനി മരിക്കാനുള്ള എണ്ണപ്പെട്ട സമയം മാത്രമാണ് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ആല്‍ഫിയുടെ പിതാവ് ടോം അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ സ്വകാര്യത മാനിച്ച് ആല്‍ഫിക്ക് അന്ത്യയാത്ര നല്‍കാന്‍ അനുവദിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. മരണത്തിനുള്ള തീയതി കുറിച്ചതോടെ വത്തിക്കാനില്‍ ആല്‍ഫി ഇവാന്‍സിന് ആദരവര്‍പ്പിച്ച് മെഴുകുതിരി പ്രാര്‍ത്ഥനകള്‍ നടന്നു. പോപ്പ് ഫ്രാന്‍സിസ് നേരിട്ട് ആല്‍ഫിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

റോമില്‍ ചികിത്സ ലഭ്യമാക്കാമെന്നും വാഗ്ദാനം ചെയ്‌തെങ്കിലും അപ്പീല്‍ കോര്‍ട്ട് കുട്ടിയെ ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിനെ എതിര്‍ക്കുകയായിരുന്നു. വാര്‍സോവിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിലും മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടന്നു.

ആല്‍ഫിയെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ക്കായി ആല്‍ഫിയുടെ അമ്മയും, അച്ഛനും ഡോക്ടര്‍മാരെ കണ്ടു. ഇതോടെ കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്ക് നില്‍ക്കാതെ കുട്ടിയെ മരിക്കാന്‍ അനുവദിക്കുകയെന്ന സാധ്യത മാത്രമാണ് ഈ മാതാപിതാക്കള്‍ക്ക് മുന്നില്‍ ബാക്കിയുള്ളത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു, ഇവിടെ ആരാണ് വിജയിച്ചത്?




കൂടുതല്‍വാര്‍ത്തകള്‍.