CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 13 Seconds Ago
Breaking Now

ഞങ്ങളുടെ മകന്‍ വാള്‍ താഴ്ത്തി, അവന് ചിറകുമുളച്ചു; വേദനയുടെയും പിടിവാശിയുടെയും ലോകത്ത് നിന്നും ആല്‍ഫി ഇവാന്‍സ് പറന്നകന്നു; 23 മാസം പ്രായമായ കുഞ്ഞ് മരിച്ചു

കുട്ടിയുടെ മരണത്തില്‍ സഹതാപമുണ്ടെന്ന്‌ ആല്‍ഡര്‍ ഹേ ആശുപത്രി

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്താല്‍ ഉടന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ അഞ്ച് ദിവസത്തോളം അവന്‍ ജീവന്‍ നിലനിര്‍ത്താന്‍ മല്ലിട്ടു. പക്ഷെ ഈ ലോകത്തെ നിയമത്തിനും ഡോക്ടര്‍മാര്‍ക്കും ആ കുഞ്ഞ് ജീവന്‍ രക്ഷിക്കണമെന്ന് യാതൊരു താല്‍പര്യവുമുണ്ടായില്ല. ആല്‍ഡര്‍ ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 23 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സ് ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി.

തന്റെ പ്രതിരോധങ്ങള്‍ അഴിച്ചുവെച്ച് ഗ്ലാഡിയേറ്ററായ മകന് ചിറകുമുളച്ചതായി ആല്‍ഫിയുടെ പിതാവ് കുറിച്ചു. വെളുപ്പിന് 2.30നായിരുന്നു മരണം. ഹൃദയം തകര്‍ന്നിരിക്കുകയാണ്, നിന്നെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, ടോം ഇവാന്‍സ് എഴുതി. ആല്‍ഫിക്ക് ചിറകുമുളച്ച് പറന്നുപോയതായി കുറിച്ച് കൊണ്ട് അമ്മയാണ് മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

ആല്‍ഫിയ്ക്ക് വേണ്ടി ആല്‍ഡര്‍ ഹേയ്ക്ക് മുന്നില്‍ ഉച്ചയ്ക്ക് 2.30ന് ബലൂണുകള്‍ പറത്തും. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇപ്പോള്‍ ഒന്നും പറയാത്തതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പോലീസ് സാന്നിധ്യമുണ്ട്. അതേസമയം കുട്ടിയുടെ മരണത്തില്‍ സഹതാപമുണ്ടെന്നും ആല്‍ഫിയുടെ കുടുംബത്തെ എല്ലാവിധ അനുശോചനങ്ങളും അറിയിക്കുകയാണെന്നും ആല്‍ഡര്‍ ഹേ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പോപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സഹായവുമായി മുന്നോട്ട് വന്നിട്ടും ആല്‍ഫിയെ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന വാശിയിലായിരുന്നു ഡോക്ടര്‍മാരും, ബ്രിട്ടീഷ് കോടതികളും. മാതാപിതാക്കള്‍ നല്‍കിയ എല്ലാ പരാതികളും കോടതി തള്ളി. മരണമാണ് നല്ലതെന്ന് അവര്‍ നിശ്ചയിച്ചു. ഒടുവില്‍ കാത്തുനിന്ന മരണം ആല്‍ഫിയുമായി പോയി, ഒരുപക്ഷെ ഈ ലോകത്തെ വാശിപിടുത്തത്തേക്കാള്‍ നല്ലത് അതാണെന്ന് മരണത്തിന് പോലും തോന്നിയിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.