CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 2 Seconds Ago
Breaking Now

ബ്രിക്‌സ്റ്റണില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതിക്ക് നേരെ ആസിഡ് അക്രമണം; കരഞ്ഞുനിലവിളിച്ച് ബസില്‍ നിന്നും ചാടിയിറങ്ങിയ യുവതിയെ നടുറോഡില്‍ വസ്ത്രം അഴിപ്പിച്ച് വെള്ളത്തില്‍ കുളിപ്പിച്ച് ഫയര്‍ഫൈറ്റേഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം

പൊതുസ്ഥലത്ത് വെച്ച് കത്തിക്കുത്തും, വെടിവെപ്പും നടന്നിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതാണ് അവസ്ഥ.

ലണ്ടനിലെ തിരക്കേറിയ തെരുവില്‍ വസ്ത്രം അഴിച്ച് വെള്ളത്തില്‍ കുളിക്കേണ്ട ഗതികേടില്‍ 20-കളില്‍ പ്രായമുള്ള സ്ത്രീ. ബ്രിക്സ്റ്റണില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ചാണ് ഇവര്‍ക്ക് നേരെ ആസിഡ് അക്രമണം ഉണ്ടായത്. ബ്രിക്‌സ്റ്റണ്‍ ട്രെയിന്‍ സ്‌റ്റേഷന് മുന്നിലെത്തിയപ്പോഴായിരുന്നു ആളുകളുടെ മുന്നില്‍ വെച്ച് ഈ ഞെട്ടിക്കുന്ന അതിക്രമം നടന്നത്. അക്രമത്തിന് ശേഷം സ്ഥലം വിട്ട പുരുഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

ഉച്ചയ്ക്ക് 1.45നായിരുന്നു ആസിഡ് അക്രമണം. നടപ്പാതയില്‍ ഇരിക്കുന്ന യുവതിയെ ഫയര്‍ ബ്രിഗേഡ് വെള്ളത്തില്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ ആരംഭിച്ച ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ലണ്ടനില്‍ അക്രമങ്ങള്‍ തുടരുകയാണെന്ന സൂചനയാണ് ആസിഡ് അക്രമണം നല്‍കുന്നത്. അഞ്ച് വെടിവെപ്പ്, നിരവധി കത്തിക്കുത്തുകള്‍ എന്നിവയില്‍ മുങ്ങി നില്‍ക്കുകയാണ് തലസ്ഥാന നഗരം. ബ്രിക്സ്റ്റണില്‍ നിരവധി ബസുകളും, എമര്‍ജന്‍സി വാഹനങ്ങളും ആസിഡ് അക്രമണത്തെത്തുടര്‍ന്ന് സ്ഥലത്തെത്തി. 

യുവതിയുടെ വായിലേക്കാണ് പദാര്‍ത്ഥം അടിച്ചതെന്നാണ് വിവരം. ഇതോടെ കരഞ്ഞ് നിലവിളിച്ച യുവതിയുടെ മുഖത്ത് അടുത്ത് നിന്നവര്‍ ബോട്ടിലില്‍ വെള്ളം ഒഴിച്ച് നല്‍കി. ബസില്‍ നിന്നും ഓടിയിറങ്ങിയ ഇര റിലയന്‍സ് ആര്‍ക്കേഡ് ഷോപ്പിംഗ് സെന്ററില്‍ നിന്ന ആളുകളോട് വെള്ളം ഒഴിക്കാനായി അപേക്ഷിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യമായ പദ്ധതിയിട്ടാണ് ഈ അക്രമം നടന്നിട്ടുള്ളതെന്ന് പോലീസ് കരുതുന്നു. നടുറോഡില്‍ ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നത് ജനങ്ങളെ ഞെട്ടിക്കുകയാണ്. അക്രമി മുങ്ങിയിരിക്കുകയാണെന്നും, ശാരീരികമായി അപകടം വരുത്തിവെയ്ക്കാനാണ് അക്രമം നടത്തിയതെന്നും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. 

പൊതുസ്ഥലത്ത് വെച്ച് കത്തിക്കുത്തും, വെടിവെപ്പും നടന്നിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതാണ് അവസ്ഥ. 




കൂടുതല്‍വാര്‍ത്തകള്‍.