Breaking Now

വനം റവന്യു വകുപ്പുകളുടെ കര്‍ഷക ഭൂമി കൈയേറ്റത്തിനെതിരേ ഇന്‍ഫാം പ്രക്ഷോഭത്തിലേക്ക്

കോട്ടയം: പതിറ്റാണ്ടുകളായി കര്‍ഷകര്‍ ഉടമസ്ഥാവകാശ രേഖകള്‍ സഹിതം കൈവശംവച്ചനുഭവിച്ച് കരമടച്ച് തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച് കൈയേറുന്നതും റവന്യുവകുപ്പ് ഇതിനൊത്താശ ചെയ്ത് കരടക്കുന്നത് നിഷേധിച്ച് കര്‍ഷകരെ കുടിയിറക്കുന്നതും ശക്തമായി എതിര്‍ക്കുമെന്നും ഇന്‍ഫാം കര്‍ഷകരെ സംഘടിപ്പിച്ച് ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു. 

ജനാധിപത്യ ഭരണസംവിധാനങ്ങളെ നിര്‍വീര്യമാക്കുന്ന ഉദ്യോഗസ്ഥ ഭരണമാണ് വനം, റവന്യു വകുപ്പുകളില്‍ ഇപ്പോള്‍ നടക്കുന്നത്. വകുപ്പു മന്ത്രിമാരെയും ജനപ്രതിനിധികളെയും നിഷ്‌ക്രിയരും നോക്കുകുത്തികളുമാക്കി കര്‍ഷകരെ നിരന്തരം പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികളെടുക്കുവാന്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. 

വനംവകുപ്പിന്റെ കര്‍ഷകര ക്രൂരതയ്ക്കു ബലിയാടുകളാണ് വയനാട് കളക്ടറേറ്റിനു മുമ്പില്‍ ആയിരത്തിലേറെ ദിവസങ്ങളായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ വനാതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്ററകലെ വിലകൊടുത്തു ആധാരമെഴുതി വാങ്ങിച്ച പന്ത്രണ്ട് ഏക്കര്‍ ഭൂമി കരമടച്ച് എല്ലാ രേഖകളും സഹിതംവച്ച് അനുഭവിച്ചുകൊണ്ടിരുന്നത് വനഭൂമിയാണെന്ന് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുക മാത്രമല്ല, കുടുംബാംഗങ്ങളെ പെരുവഴിയിലേക്ക് തള്ളിവിട്ട് മരണത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിക്കപ്പെട്ട സാക്ഷര കേരളത്തിലെ ഉദ്യോഗസ്ഥ ക്രൂരത പൊതുസമൂഹം നിസാരവത്ക്കരിക്കരുത്. ഇതിനെതിരേ ചെറുവിരല്‍ അനക്കാന്‍ സാധിക്കാത്ത അധികാരി കേന്ദ്രങ്ങളുടെ കര്‍ഷക സ്‌നേഹത്തിന്റെ കാപട്യം കര്‍ഷകര്‍ തിരിച്ചറിയണം. 

മേല്‍പ്പറഞ്ഞ ഭൂമി വനഭൂമി അല്ലെന്ന് 1978ലെ ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധിയുണ്ട്. വനഭൂമിയാണെന്നു തെളിയിക്കാന്‍ രേഖയില്ലെന്ന് 2009ലെ വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. വനംവകുപ്പ് കൈയേറിയ കൃഷിഭൂമി ഉടമസ്ഥനായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന് തിരിച്ചു നല്‍കണമെന്ന് 2007ലെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടുമുണ്ട്. പ്രസ്തുത ഭൂമി നിക്ഷിപ്ത വനഭൂമിയല്ലെന്ന് 2016ല്‍ മാനന്തവാടി സബ് കളക്ടറും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളെല്ലാം അട്ടിമറിക്കപ്പെട്ടതെങ്ങനെയെന്ന് അന്വേഷണ വിധേയമാക്കണം. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു തിരിച്ചുകൊടുക്കണമെന്ന വയനാട് കളക്ടറുടെ 2016ലെ ഉത്തരവും നടപ്പിലാക്കാന്‍ സര്‍ക്കാരിനെ തടസപ്പെടുത്തുന്ന റവന്യു, വനം മാഫിയകളെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണം. കടക്കെണിയും വിലത്തകര്‍ച്ചയുംമൂലം കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ നടപടികള്‍ക്കു ശ്രമിക്കാതെ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം പഴിചാരുന്നവര്‍ സംസ്ഥാനത്തെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് ഇറക്കിവിടുവാന്‍ ശ്രമിക്കുന്നത് അതി ക്രൂരവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. 

റവന്യു, വനം വകുപ്പുകളുടെ ധിക്കാരവും നീതിനിഷേധവുമായ നടപടികളിലൂടെ ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ സമ്മേളനം ഇന്‍ഫാം ജൂണ്‍ ആദ്യവാരം കൊച്ചിയില്‍ വിളിച്ചുചേര്‍ക്കും. നിയമ പോരാട്ടങ്ങള്‍ക്കു മാത്രമല്ല ഭൂ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. വരാന്‍പോകുന്ന ഉപ തെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നും ഭൂമി കൈവശാവകാശം സംബന്ധിച്ച സമാന പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ 9447355512 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.