Breaking Now

എന്റെ കൂടെയല്ലെങ്കില്‍, നീ മറ്റാര്‍ക്കൊപ്പവും ജീവിക്കില്ല; വിവാഹബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ ഭീഷണി നടപ്പാക്കി ഭര്‍ത്താവ് മൂന്ന് മക്കളുടെ അമ്മയെ കുത്തിക്കൊന്നു

വീട്ടില്‍ കയറുമ്പോള്‍ ഭര്‍ത്താവ് ബോധംകെട്ട് കിടക്കുന്നതായി അഭിനയിക്കുകയായിരുന്നു

മൂന്ന് മക്കളുടെ അമ്മയെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു. ഗാര്‍ഹിക അക്രമം പോലീസിനെ അറിയിച്ച് ഒന്‍പതാം ദിവസമായിരുന്നു വീട്ടില്‍ വെച്ച് കൊലപാതകം നടന്നതെന്ന് ജൂറിക്ക് മുന്‍പാകെയുള്ള വിചാരണയില്‍ വിശദീകരിക്കപ്പെട്ടു. മോണിക്ക ലാസെകിനെ കത്തി ഉപയോഗിച്ച് പല തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.

തനിക്കൊപ്പം ജീവിക്കാന്‍ സമ്മതമല്ലെങ്കില്‍ മറ്റാര്‍ക്കൊപ്പവും ജീവിക്കാന്‍ പോകുന്നില്ലെന്ന് നേരത്തെ ഭര്‍ത്താവ് സിഗ്നു ലാസെക് ഭീഷണി മുഴക്കിയിരുന്നു. പരാതി ലഭിച്ച് വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഇല്ലിംഗ്‌വര്‍ത്തിലുള്ള വീട്ടിലേക്ക് പോലീസ് എത്തിയെങ്കിലും ഓഫീസര്‍മാര്‍ക്ക് മുന്നില്‍ മൊഴി നല്‍കാന്‍ മോണിക്ക തയ്യാറായില്ല. ഇതുമൂലം നടപടി സ്വീകരിക്കാനും സാധിക്കാതെ പോയി.

ബന്ധം തകര്‍ന്നിരുന്നെങ്കിലും കാര്യങ്ങള്‍ ശരിയാക്കാനുള്ള നീക്കത്തിലായിരുന്നു തങ്ങളെന്നാണ് ഭര്‍ത്താവ് പോലീസിനോട് അവകാശപ്പെട്ടിരിക്കുന്നത്. താന്‍ കൊലപാതകം നടത്തിയിട്ടില്ലെന്നും ലാസെക് പറയുന്നു. അയല്‍ക്കാരാണ് ചോരയില്‍ കുളിച്ചുകിടന്ന മോണിക്കയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഭര്‍ത്താവിന്റെ മദ്യപാനം വര്‍ദ്ധിച്ചതും, പരസ്ത്രീ ബന്ധവും മുന്‍നിര്‍ത്തി വിവാഹബന്ധം അവസാനിപ്പിക്കാന്‍ മോണിക്ക തീരുമാനിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. അയല്‍ക്കാര്‍ വീട്ടില്‍ കയറുമ്പോള്‍ ഭര്‍ത്താവ് ബോധംകെട്ട് കിടക്കുന്നതായി അഭിനയിക്കുകയായിരുന്നെന്നാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.