മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ വന്‍ സുരക്ഷാവീഴ്ച സൃഷ്ടിച്ച് കൊണ്ട് റണ്‍വേയില്‍ കടന്നുകയറി വിമാനത്തിന്റെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.വൈകിയെത്തിയത് മൂലമാണ് യാത്രക്കാരന് ഈ സാഹസത്തിന് മുതിര്‍ന്നത്. ടേക്ക് ഓഫിന് തയ്യാറായ വിമാനത്തിലേക്ക് വാതില്‍ തുറന്ന് കടക്കാനായിരുന്നു പിന്നീട് ഇയാളുടെ നീക്കം. വാതില്‍ പൊളിച്ചെടുക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയാണ് സൃഷ്ടിച്ചത്.
മണിക്കൂറുകള്‍ വൈകിയെത്തിയത് മൂലം യാത്ര അനുവദിക്കില്ലെന്ന് ജെറ്റ്സ്റ്റാര്‍ കമ്പനി ജീവനക്കാര്‍ ഇയാളെ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് പുകവലിച്ച ഇയാള്‍ പൊടുന്നനെ അടുത്ത ഗേറ്റിലേക്ക് ഓടി അവിടെ നിന്ന ജീവനക്കാരനെ തള്ളിമാറ്റി റണ്‍വേയിലേക്ക് കടക്കുകയായിരുന്നു.
ബോര്‍ഡിംഗ് സ്റ്റെയര്‍ കയറി വിമാനത്തിന്റെ വാതില്‍ ചവിട്ടിത്തുറക്കാനായിരുന്നു ശ്രമം. ബാഗേജ് ഹാന്ഡ്ലേഴ്സാണ് പിടിച്ചുമാറ്റിയത്. പിന്നീട് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്തു. രണ്ട് ജീവനക്കാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതോടെ ഈ വിമാനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് യാത്ര തുടര്‍ന്നത്.