CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 50 Seconds Ago
Breaking Now

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി; തിരുവല്ല സ്വദേശിനി എലിസബത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; മലയാളി സമൂഹം തിങ്കളാഴ്ച വിടനല്‍കും

ആറ് വയസ്സും, എട്ട് വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികളെയും, ഭര്‍ത്താവിനെയും ഞെട്ടിച്ച് കൊണ്ടാണ് 41-കാരിയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി; ഐടി അനലിസ്റ്റ് എലിസബത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി; മലയാളി സമൂഹം തിങ്കളാഴ്ച വിടനല്‍കും

കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ വെച്ച് മരിച്ച തിരുവല്ല സ്വദേശിനി എലിസബത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരുവല്ല സ്വദേശി തന്നെയായ ബിജുവിന്റെ ഭാര്യയാണ് ഐടി അനലിസ്റ്റായി ജോലി ചെയ്തിരുന്ന എലിസബത്ത്. മൃതദേഹം വിട്ടുകിട്ടിയതോടെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് റെഡിങ് മലയാളികള്‍.

ഈ മാസം ഒന്‍പതിനായിരുന്നു എലിസബത്തിനെ വീട്ടിലെ സോഫയില്‍ മരിച്ച് കിടന്നത്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്ക് ഇവര്‍ ചികിത്സയിലായിരുന്നു. ഏറെക്കാലമായി ബ്രിട്ടനിലുള്ള ദമ്പതികള്‍ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. റെഡിങ് സെന്റ് ജെയിംസ് പള്ളിയിലാണ് എലിസബത്തിന്റെ മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കാനായി തിങ്കളാഴ്ച എത്തിക്കുക.

ഓര്‍ത്തഡോക്‌സ് സഭയില്‍ പെട്ട എലിസബത്തിന് മലയാളി വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നല്‍കും. ആറ് വയസ്സും, എട്ട് വയസ്സുമുള്ള രണ്ട് പെണ്‍കുട്ടികളെയും, ഭര്‍ത്താവിനെയും ഞെട്ടിച്ച് കൊണ്ടാണ് 41-കാരിയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍.

അസുഖവും ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു കുടുംബം. ഐടി പ്രൊഫഷണലുകളായ എലിസബത്തും, ബിജുവും ബാംഗ്ലൂരിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കായി സ്‌കൂള്‍ പോലും കണ്ടെത്തി ഇവിടെ പ്രവേശനവും ഉറപ്പാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വിദഗ്ധ ചികിത്സ തേടാനായി നാട്ടിലേക്ക് എത്താന്‍ എലിസബത്തിന് വിധി അവസരം നല്‍കിയില്ല. എലിസബത്തിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുംബൈയിലാണ് സ്ഥിരതാമസം. അതുകൊണ്ട് തന്നെ ഹീത്രൂവില്‍ നിന്നും മൃതദേഹം മുംബൈയിലേക്ക് എത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്താമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.