കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യം ഭരണം പിടിച്ച് ഇരുപ്പുറപ്പിക്കും മുന്‍പ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തിരിച്ചടി. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എയാണ് പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളെ രോഷാകുലരാക്കുന്ന പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി കോടികള്‍ ഇറക്കി വശീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് എംഎല്‍എ ശിവറാം ഹെബ്ബാര്‍ തള്ളിയത്.
ആരോപണത്തിന് ശക്തി പകരാന്‍ കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും എംഎല്‍എ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ശിവറാമിന്റെ ഭാര്യയും ബിജെപി നേതാവും തമ്മിലുള്ള സംസാരമാണ് ഓഡിയോയില്‍ ഉള്ളതെന്നായിരുന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് തന്റെ ഭാര്യയുടെ ശബ്ദമല്ലെന്ന് ഹെബ്ബര്‍ വ്യക്തമാക്കി.
വ്യാജ ഓഡിയോ ക്ലിപ് നിര്‍മ്മിച്ച് പുറത്തുവിട്ടവരെ എംഎല്‍എ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇത്തരമൊരു ഫോണ്‍ കോള്‍ തന്റെ ഭാര്യക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
'എന്റെ ഭാര്യയുടെയും ബിജെപിക്കാരും തമ്മിലുള്ള സംഭാഷണമെന്ന് അവകാശപ്പെട്ട ടേപ്പ് ചാനലുകള്‍ക്ക് ലഭിച്ച ശേഷമാണ് ഞാന്‍ ഇത്തരമൊരു കാര്യം അറിയുന്നത്. പക്ഷെ ഇതിലുള്ള ശബ്ദം ഭാര്യയുടേതല്ല. ഇങ്ങനൊരു സംഭാഷണം തന്നെ ഉണ്ടായിട്ടില്ല. ക്ലിപ് പുറത്തുവിട്ടത് ആരായാലും സംഗതി വ്യാജനാണ്', തന്നെ വിജയിപ്പിച്ച ജനങ്ങള്‍ നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
കോണ്‍ഗ്രസ് എംഎല്‍എമാരും, ബിജെപി നേതാക്കളും തമ്മില്‍ നടന്ന നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്ന കോണ്‍ഗ്രസ് അവകാശവാദമാണ് ഇതോടെ പൊളിയുന്നത്.