ഉറങ്ങി കിടക്കുന്ന അമ്മയെ കണ്ടിട്ട് പോയ മക്കള്‍ സ്കൂളില്‍ വച്ച് അറിയുന്നു അമ്മയ്ക്ക് സുഖമില്ലെന്ന്. തിരിച്ചെത്തിയപ്പോള്‍ അറിഞ്ഞത് മരണ വാര്‍ത്തയും. അമ്മയുടെ മുഖത്ത് പോലും ഈ കുരുന്നുകള്‍ക്ക് നോക്കാനാകുന്നില്ല. റെഡ്ഡിങ്ങിലെ സെന്റ് ജെയിംസ് പള്ളിയില്‍ എലിസബത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയവരുടെ ഉള്ളു പൊള്ളിയത് ഈ കുരുന്നുകളേയും ഇവരെ ചേര്‍ത്ത് വേദനയില്‍ നില്ക്കുന്ന അച്ഛനേയും കണ്ടിട്ടാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് റെഡ്ഡിങ് സെന്റ് ജെയിംസ് പള്ളിയില്‍ എലിസബത്ത് ബിജു (വിജില)വിന് അന്ത്യയാത്ര നല്‍കിയത്. നൂറു കണക്കിന് പേരാണ് അവസാനമായി ഒന്നു കാണാന്‍ ഇവിടെത്തിയത്. പലരും കരച്ചില് അടക്കാന്‍ പാടുപെടുകയായിരുന്നു.വിജിലയെ വീട്ടില്‍ സോഫയില്‍ മരിച്ചതായി കണ്ടെത്തിയത്. യുകെ മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു ഈ വാര്‍ത്ത.
ഏതാനും നാളുകളായി വിജില നാട്ടില്‍ പോയി വിദഗ്ധ ചികിത്സയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഈ യാത്രയ്ക്ക് വിസ ലഭിച്ചില്ല. മക്കളുടെ വിദ്യാഭ്യാസമുള്‍പ്പെടെ ബംഗളൂരുവിലേക്ക് മാറ്റാന്‍ വിജില ആഗ്രഹിച്ചിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ അവസാനിപ്പിച്ച് ഒടുവില്‍ യാത്ര പറഞ്ഞു.
രണ്ടു മണിക്കാണ് മൃതദേഹം പള്ളിയിലെത്തിച്ചത്. ഫാ ഡോ നൈനാന് വി ജോര്‍ജ്ജ് സംസ്കാര ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളി ബ്രിസ്ര്റ്റോളിലെ വികാരി ഫാ വര്‍ഗീസ് ടി മാത്യു മുഖ്യകാര്‍മ്മികനായി ചടങ്ങ് നടത്തി. ഹാന്സലോ സെന്റ് ജോണ്‍ മാര്‍ത്തോമ പള്ളി വികാരി ഫാ ഷിബു കുരിയന്‍ പ്രത്യേക അനുശോചന സന്ദേശം നല്കി.
കുടുംബ സുഹൃത്തായ കൃഷ്ണ ചന്ദ്രന് എലിസബത്തിനെ കുറിച്ച് സംസാരിച്ചു. കുടുംബത്തിന്റെ വേദനയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ചടങ്ങുകള്‍ക്ക് ബിജു നന്ദി പറഞ്ഞു. രണ്ടുമക്കളും കരച്ചിലിലായതോടെ ചടങ്ങിനെത്തിയ ഏവരുടേയും ഉള്ളു പിടഞ്ഞു, കണ്ണു നിറഞ്ഞു.