വിരമിച്ച ശേഷം അസം മുന്‍ഡിജിപി മുകേഷ് സാഹെ അധ്യാപനത്തിലേക്ക് നീങ്ങിയിരിക്കുന്നു. വിരമിച്ച് അടുത്ത ദിവസം മുതല്‍ സോനാറാം ഹയര്‍സെക്കന്ററി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത ശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഡിജിപി സ്ഥാനത്ത് നിന്ന് ഏപ്രില്‍ 30നാണ് വിരമിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
സ്കൂളില്‍ ഗണിത ശാസ്ത്ര അധ്യാപകരില്ലെന്ന് കേട്ട് താന്‍ അതിന് തയ്യാറാകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നല്ല പെന്ഷന് നല്‍കുന്നുണ്ട്. അതിനാല്‍ സമൂഹത്തിന് എന്തെങ്കിലും തിരിച്ചു നല്കുവാനുള്ള സമയമാണിത്, അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ ക്ലാസ് ഗുണകരമാണോ എന്ന് തിരക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഗുണമെങ്കില്‍ അധ്യാപനം തുടരും, മുന്‍ ഡിജിപി പറഞ്ഞു.
പോലീസുകാരും അധയാപകരും അവരവരുടെ രീതിയില്‍ സമൂഹത്തിന് സംഭാവനകള്‍ നല്കുന്നു. പുതുതലമുറയുടെ ഭാവി രൂപപ്പെടുത്താന്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.