കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 2019 പൊതുതെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാകും. ബിജെപിയില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷിക്കുമ്പോഴും ദേശീയ പാര്‍ട്ടിക്ക് കടുത്ത ദാരിദ്ര്യം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ അഞ്ച് മാസക്കാലമായി ദേശീയ സംസ്ഥാനതല ഓഫീസുകള്‍ക്ക് വേണ്ടിയുള്ള ഫണ്ട് പോലും നിര്‍ത്തലാക്കിയിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ അംഗങ്ങളോട് കൂടുതല്‍ സംഭാവനയും, ഉദ്യോഗസ്ഥരോട് ചെലവുകള്‍ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് വന്നത് മുതല്‍ കോര്‍പറേറ്റുകളും, വ്യവസായികളും നല്കിവന്നിരുന്ന ഫണ്ടിന്റെ ഒഴുക്ക് അവസാനിച്ചു. ഇലക്ടറല്‍ ബോണ്ട് വഴിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ലഭിക്കേണ്ടത്. എന്നാല്‍ കോണ്‍ഗ്രസിന് ഈ വഴിയില്‍ ഫണ്ട് കുറവാണ്. ഇനി ഓണ്‍ലൈന്‍ ക്രൗഡ് സോഴ്സിംഗ് വഴി പണം കണ്ടെത്താനാണ് ശ്രമം.
ൃമോദിയുടെ നേതൃത്വത്തില്‍ ബിജെപി നേടുന്ന തുടര്‍വിജയങ്ങള്‍ കോണ്‍ഗ്രസിന് പാരയാകുന്നത് ഈ വഴിക്ക് കൂടിയാണ്. 20 സംസ്ഥാനങ്ങളിലാണ് ബിജെപിയും, സഖ്യകക്ഷികളും ഭരണം നിര്‍വ്വഹിക്കുന്നത്. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രാധാന്യമേറുന്നുണ്ട്. രണ്ട് വലിയ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്.