CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 30 Seconds Ago
Breaking Now

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാള്‍ ആഘോഷവും വാര്‍ത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍; ആഷ്‌റ്റെഡിലെ ചിത്രീകരണത്തിന്റെ വിവരങ്ങളും അപ്‌ഡേറ്റാണ്; യുകെയിലും മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍; മലയാളികള്‍ക്ക് ഉള്‍പ്പുളകം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ യുകെയിലെത്തിയത്

മോഹന്‍ലാല്‍ മലയാളികളുടെ അഭിമാനമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മോഹന്‍ലാലിനും, മമ്മൂട്ടിക്കും അപ്പുറമുള്ള താരങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്നത്തെ യുവതലമുറ മികച്ച സിനിമകള്‍ സൃഷ്ടിച്ചെടുക്കുന്നതെന്നും ഓര്‍ത്തിരിക്കാം. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന കേരളത്തിലെ താരത്തെക്കുറിച്ചുള്ള കഥകള്‍ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും മോഹന്‍ലാലിനെ ബോളിവുഡ് സൂപ്പര്‍താമെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും വാര്‍ത്ത നല്‍കുന്നതാണ് യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനകരമാകുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മോഹന്‍ലാല്‍ യുകെയിലെത്തിയത്. സറെയിലെ പത്രങ്ങള്‍ ബോളിവുഡ് സൂപ്പര്‍താരം എന്ന് വിശേഷിപ്പിച്ചാണ് ലാലേട്ടന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. തന്റെ 58-ാമത്തെ പിറന്നാള്‍ ആഘോഷങ്ങളാണ് ആഷ്‌റ്റെഡിലെ സിനിമാ സെറ്റില്‍ വെച്ച് ആഘോഷിച്ചത്.

മെയ് 21നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം ആഘോഷങ്ങള്‍ 22-നാണ് നടത്തിയത്. ഭാര്യ സുചിത്രയും, സുഹൃത്തുക്കളും, കുടുംബാംഗങ്ങളും സെറ്റിലെത്തിയിരുന്നു. 45 ദിവസത്തെ ചിത്രീകരണമാണ് ലാലേട്ടന്റെ പുതിയ കോമഡി ചിത്രത്തിനുള്ളത്. ഷൂട്ടിംഗ് എപ്‌സം ഡൗണ്‍സിലും, കെന്റിലെ മെയ്ഡ്‌സ്റ്റോണിലും കൂടി നടക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്.

ലാല്‍ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച കേക്കാണ് സെറ്റിലെ അംഗങ്ങള്‍ക്കൊപ്പം ലാലേട്ടന്‍ മുറിച്ചത്. 60-ഓളം പേരടങ്ങുന്ന യൂണിറ്റും ചിത്രീകരണത്തില്‍ പങ്കെടുക്കുന്നു. ഇംഗ്ലണ്ടില്‍ താമസിക്കുന്ന കുടുംബത്തെ കാണാനെത്തുന്ന അമ്മയെ ചുറ്റിപ്പറ്റിയാണ് രഞ്ജിത്ത് പുതിയ ചിത്രം ഒരുക്കുന്നത്. ബ്രിട്ടീഷ് സംസ്‌കാരത്തോടൊപ്പം ഇഴുകിച്ചേര്‍ന്ന് പോയ കുടുംബം നാട്ടില്‍ നിന്നുമെത്തുന്ന പരമ്പരാഗത രീതികള്‍ ശീലിച്ച അമ്മയെ സ്വീകരിക്കാന്‍ കടന്നുപോകുന്ന പെടാപ്പാടുകളാണ് കഥാതന്തു.

യുകെ കേന്ദ്രമാക്കി ചിത്രീകരിച്ച പല മലയാള പടങ്ങളും എട്ടുനിലയില്‍ പൊട്ടിയതിനാല്‍ മലയാള സിനിമയ്ക്ക് ഈ നാട് അത്ര രാശിയല്ലെന്നാണ് വിശ്വസിച്ചിരുന്നത്. ആ ചീത്തപ്പേര് പൃഥ്വിരാജിന്റെ ആദം ജോണ്‍ തിരുത്തിയതോടെയാണ് ലാലേട്ടന്റെ സിനിമയ്ക്കായി രഞ്ജിത്ത് ഇവിടെയെത്തുന്നത്. രഞ്ജിത്തിന്റെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളും അത്ര വിജയമായിരുന്നില്ല. കോമഡിയിലേക്ക് ചുവടുമാറ്റി നടത്തുന്ന ഈ ശ്രമം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.