Breaking Now

ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച പ്രണബിനോട് കോണ്‍ഗ്രസിന് ഇഷ്ടക്കേട് ; കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണമില്ല

ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാളും, ആം ആദ്മി പാര്‍ട്ടിക്കാര്‍ക്കും കോണ്‍ഗ്രസ് ഇഫ്താറിലേക്ക് പ്രവേശനമില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ക്ഷണമില്ല. ഈയാഴ്ച നടക്കുന്ന പരിപാടിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ വരെ ക്ഷണിച്ച ശേഷമാണ് പ്രണബിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഈ വര്‍ഷം ആദ്യം സോണി ഗാന്ധി സംഘടിപ്പിച്ച സല്‍ക്കാര വിരുന്നിലേക്ക് ക്ഷണിച്ചവരെയെല്ലാം ഇഫ്താറിനും വിളിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ സംഘം നയിക്കുന്ന ബിജെപിക്കെതിരെ വിശാല മുന്നണി രൂപീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാളും, ആം ആദ്മി പാര്‍ട്ടിക്കാര്‍ക്കും കോണ്‍ഗ്രസ് ഇഫ്താറിലേക്ക് പ്രവേശനമില്ല. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സംഘടിപ്പിക്കുന്ന ഇഫ്താര്‍ ജൂണ്‍ 13ന് ന്യൂഡല്‍ഹി താജ് പാലസ് ഹോട്ടലിലാണ് നടത്തുന്നത്. മുതിര്‍ന്ന നേതാക്കളെ അയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിനിധികളെ എങ്കിലും അയയ്ക്കണമെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അറിയിച്ചിരിക്കുന്നത്. അവസാന നിമിഷമാണ് ഇഫ്താര്‍ വിരുന്ന് ഒരു രാഷ്ട്രീയ തന്ത്രമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്.

നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ഇഫ്താറിന് ക്ഷണിക്കാതിരുന്നത്. ഇതോടെ ആര്‍എസ്എസ് ചടങ്ങിന്റെ പേരില്‍ പ്രണബിനെ ഒഴിവാക്കിയതാണെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. മുന്‍ രാഷ്ട്രപതി നാഗ്പൂരില്‍ ചടങ്ങിനെത്തുന്ന വാര്‍ത്ത വ്യക്തമായതോടെ കോണ്‍ഗ്രസ് അങ്കലാപ്പിലായെങ്കിലും പ്രസംഗം കഴിഞ്ഞതോടെ ആര്‍എസ്എസിന് എതിരെ പിടിച്ച കണ്ണാടിയായി പ്രസംഗം മാറിയെന്ന് അവകാശപ്പെട്ട് ഇവര്‍ ആശ്വാസം കണ്ടെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.