Breaking Now

ഹാജര്‍ കുറയുന്നു ; കെജ്രിവാളിനെ കോടതി കയറ്റാന്‍ വിമത എംഎല്‍എ

2017ല്‍ നിയമസഭ 27 തവണ സമ്മേളിച്ചെങ്കിലും കേവലം ഏഴ് തവണയാണ് കെജ്രിവാള്‍ സഭയിലെത്തിയത്

ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹാജര്‍ നില കുറയുന്നതിനെതിരെ ആം ആദ്മി എംഎല്‍എ കപില്‍ മിശ്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2017ല്‍ നിയമസഭ 27 തവണ സമ്മേളിച്ചെങ്കിലും കേവലം ഏഴ് തവണയാണ് കെജ്രിവാള്‍ സഭയിലെത്തിയത്. കുടിവെള്ളം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോഴാണ് ഈ കെടുകാര്യസ്ഥതയെന്ന് മിശ്ര നല്‍കിയ പരാതിയില്‍ പറയുന്നു. ആം ആദ്മി നേതൃത്വത്തിനെതിരെ ഉയരുന്ന വിമതശബ്ദമാണ് എംഎല്‍എ കപില്‍ മിശ്രയുടേത്.

മുഖ്യമന്ത്രി സഭയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കും, സ്പീക്കര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാണ് മിശ്രയുടെ ആവശ്യം. സഭയില്‍ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കണം. കഴിഞ്ഞ 40 മാസക്കാലത്തിനിടെ ചോദ്യോത്തര വേളയില്‍ കെജ്രിവാള്‍ ഒരുവട്ടം പോലും ഹാജരായിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള താല്‍പര്യമാണ് ഇത് വ്യക്തമാക്കുന്നത്. വികസനത്തിനും, ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാദിത്വങ്ങളും കെജ്രിവാള്‍ നിര്‍വ്വഹിക്കുമെന്ന് കരുതുമ്പോഴാണിത്.

കപില്‍ മിശ്ര പരാതിയുമായി എത്തിയെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ വക്താവ് വിസമ്മതിച്ചു. എഎപി കണ്‍വീനറില്‍ നിന്നും വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടും മിശ്ര ആവശ്യപ്പെടുന്നു. സഭയില്‍ ഹാജരായതും, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതും, വിവിധ നയങ്ങളെക്കുറിച്ച് എന്തെല്ലാം മനസ്സിലാക്കിയെന്നും, നടപ്പാക്കിയ നിയമങ്ങള്‍ എങ്ങിനെ പ്രയോജനം ചെയ്‌തെന്നുമെല്ലാം മുഖ്യമന്ത്രി വിശദീകരിക്കണം. വിജയിപ്പിച്ച് വിട്ട മണ്ഡലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ആശയവിനിമയത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കണമെന്നാണ് റിബല്‍ എംഎല്‍എ കോടതിയില്‍ ആവശ്യപ്പെടുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.