രണ്ട് പുരുഷന്മാര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ പരാതി നല്കിയാല് പോലീസിന് വെറുതെ ഇരിക്കാന്‍ കഴിയില്ല. അന്വേഷിക്കണം ഉടനടി പ്രതികളെ പിടികൂടുകയും വേണം. എന്നാല്‍ ഇതിനായി ഇറങ്ങിത്തിരിച്ച പോലീസ് കണ്ടെത്തിയത് ഇവര്‍ നല്കിയ പരാതി തന്നെ വ്യാജമാണെന്നാണ്. തെറ്റായ ആരോപണം ഉന്നയിച്ച് പോലീസിന്റെ 200 മണിക്കൂര്‍ നഷ്ടമാക്കിയ 37-കാരിയെ കോടതി വെറുതെവിടുകയും ചെയ്തു.
കെന്റിലെ ചാതാമില് നിന്നുമുള്ള മറീസ ലൂസി ചീസ്മാനാണ് നോര്‍ത്ത് യോര്‍ക്ക്സിലെ വിറ്റ്ബിയിലൂടെ നടക്കുമ്പോള്‍ അക്രമം നേരിട്ടതായി ആരോപണം ഉന്നയിച്ചത്. 2017 ആഗസ്റ്റില്‍ വിറ്റ്ബി ഫോക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കവെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.
വഴി ചോദിച്ച് എത്തിയ ഒരു വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ പിടിച്ചുകയറ്റി മിഡില്‍സ്ബറോയില്‍ എത്തിച്ച് മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇതോടെ 25 പോലീസുകാര്‍ നാല് ദിവസം തുടര്‍ച്ചയായി അന്വേഷണത്തിന് ഇറങ്ങി. ഒടുവില്‍ പരാതി കെട്ടിച്ചമച്ചതാണന്ന് തിരിച്ചറിഞ്ഞു.
12 മാസത്തെ കണ്ടീഷണല്‍ ഡിസ്ചാര്‍ജ്ജും, 20 പൗണ്ട് സര്‍ച്ചാര്‍ജ്ജും മാത്രം ഈടാക്കി മെയ്ഡ്സ്റ്റോണ്‍ മജിസ്ട്രേറ്റ് കോടതി ഇവരെ വിട്ടയച്ചു.