Breaking Now

ബര്‍മിംഗ്ഹാം സിറ്റി സെന്ററിലെ ഈ അക്രമം മതി യുകെയുടെ ഗതി മനസ്സിലാക്കാന്‍; കൂറ്റന്‍ വടിവാള്‍ ഉപയോഗിച്ച് വെറുതെ നിന്ന വഴിയാത്രക്കാരനെ വെട്ടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; നാട്ടുകാര്‍ കാഴ്ചക്കാരായി; അന്വേഷിക്കുന്നുണ്ടെന്ന് പോലീസ്

കൂടുതല്‍ പോലീസ് സാന്നിധ്യം സ്ഥലത്ത് ഏര്‍പ്പാടാക്കിയിട്ടുള്ളതായാണ് അധികൃതരുടെ നിലപാട്.

കൈയില്‍ കരുതിയിരുന്ന വലിയ വടിവാള്‍ ഉപയോഗിച്ച് വഴിയാത്രക്കാരനെ അക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്തെ അമ്പരപ്പിക്കുന്നത്. ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുകെ നേരിടുന്ന ഗുരുതരമായ നിയമരാഹിത്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാനും ബെഞ്ചുകള്‍ക്ക് സമീപം നില്‍ക്കുന്ന ആള്‍ക്ക് നേരെയാണ് പിന്നില്‍ നിന്നിരുന്ന വ്യക്തി വടിവാള്‍
എടുത്ത് വെട്ടുന്നത്. ഇര ഇവിടെ നിന്നും മാറാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ വടിവാള്‍ ഉയര്‍ത്തിപ്പിടിച്ച് പിന്നാലെ പോകുന്നതാണ് സിസിടിവി കാഴ്ച. 

വെള്ളിയാഴ്ച വൈകുന്നേരം 4.20ഓടെ ഡെയില്‍ എന്‍ഡിന് സമീപമുള്ള സ്‌ക്വയര്‍ ഷോപ്പിംഗ് പരിസരത്താണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ആദ്യത്തെ വെട്ടിന് ശേഷം ഇരയും അക്രമിയും ഫ്രെയിമില്‍ നിന്നും നീങ്ങുന്നതാണ് ദൃശ്യങ്ങള്‍. പിന്നീട് എന്ത് സംഭവിച്ചെന്ന് പോലീസിന് പോലും അറിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായാണ് ഇവര്‍ നല്‍കുന്ന വിവരം. സിറ്റി സെന്ററിലെ ഡെയില്‍ എന്‍ഡ് സെക്ഷനില്‍ ഈ വര്‍ഷം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. യുവാക്കളുടെ ഗ്യാംഗുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും, തലവേദനയും ഇതിന് പുറമെയാണ്. 

മെയ് 1ന് പൊതുജനങ്ങളുടെ സമാധാനം കെടുത്തിയതിന് 15 വയസ്സുള്ള പയ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു 14-കാരനെ സ്ഥലത്ത് നിന്നും ഓടിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരെ നീക്കം ചെയ്യാന്‍ പ്രദേശത്ത് പബ്ലിക് സ്‌പേസ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 വയസ്സുള്ള കുട്ടികള്‍ പോലും സിറ്റി സെന്ററില്‍ കിടന്ന് അടിപിടി കൂടുന്ന കാഴ്ചയാണ് കാണുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുമൂലം കൂടുതല്‍ പോലീസ് സാന്നിധ്യം സ്ഥലത്ത് ഏര്‍പ്പാടാക്കിയിട്ടുള്ളതായാണ് അധികൃതരുടെ നിലപാട്. 

എന്നാല്‍ ഇതിനിടെയാണ് പൊതുസ്ഥലത്ത് ഒരു നിരപരാധിക്ക് നേരെ അതിക്രമം നടക്കുന്നത്. ഇൗ സംഭവത്തില്‍ എന്താണ് നടന്നതെന്ന് പോലീസിന് വ്യക്തതയില്ലെന്നതാണ് അവസ്ഥ. 




കൂടുതല്‍വാര്‍ത്തകള്‍.